തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
15ാം ധനകാര്യകമ്മിഷന്റെ ശുപാർശകൾ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പൂർണമായി കണക്കിലെടുത്താവണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ ഫണ്ട് വിനിയോഗത്തിന് സംസ്ഥാനത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകണം. കൊവിഡ് ബാധിച്ച് മരിച്ചവരിൽ അർഹരായവർക്ക് സഹായം നൽകുന്നതിന് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
കൊവിഡ് പ്രതിരോധം സംബന്ധിച്ച് കേരളം സ്വീകരിക്കുന്ന നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു.
മഹാമാരി നേരിടുന്നതിന് തദ്ദേശ സ്ഥാപനങ്ങളെയും സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചും രാഷ്ട്രീയ,സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കിയും സർക്കാർ നടത്തുന്ന പ്രതിരോധം ഫലപ്രദമാണ്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വ്യാപകമായി തുറന്നതിനാൽ, ആശുപത്രികളുടെ മേലുള്ള സമ്മർദം കുറയ്ക്കാനായി. നിലവിൽ ആശുപത്രികളിലുള്ള കിടക്കകൾക്കു പുറമെ 1426 സ്ഥാപനങ്ങളിലായി 1.24 ലക്ഷം കിടക്കകൾ പുതുതായി ഏർപ്പെടുത്തി. ഒക്ടോബർ രണ്ടാം വാരത്തിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇതുവരെ 5.66 ലക്ഷം പേർ കൊവിഡ് ബാധിതരായി. അതിൽ അഞ്ചു ലക്ഷം പേർ രോഗമുക്തരായി. മരണനിരക്ക് 0.4 ശതമാനമായി കുറയ്ക്കാനായി. ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ശതമാനമാണ്. കൊവിഡ് പരിശോധനയ്ക്ക് സർക്കാരിലും സ്വകാര്യ മേഖലയിലുമായി 2,113 ലാബുകളിൽ ടെസ്റ്റിനുള്ള സൗകര്യമുണ്ട്. 58.09 ലക്ഷം ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ഇതിൽ 30 ശതമാനം ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |