മുംബയ് : രാജ്യം കണ്ണീരിൽ കുതിർന്ന ഒരു ദിവസത്തിന്റെ പന്ത്രണ്ടാം വാർഷികമാണ് ഇന്ന്. മുംബയ് ഭീകരാക്രമണം, അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് വിമാനം ഇടിച്ചു കയറ്റിയുള്ള ഭീകരാക്രമണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണമായിരുന്നു മുംബയിലേത്. 26/11 എന്ന അക്കങ്ങളിൽ ലോകം രേഖപ്പെടുത്തിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞത് നൂറുകണക്കിന് നിരപരാധികളാണ്. പാകിസ്ഥാന്റെ കറുത്ത കരങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞെങ്കിലും ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ മടിച്ചു. തിരിച്ചടിക്ക് സേനാവിഭാഗങ്ങളിൽ നിന്നടക്കം ആവശ്യമുയർന്നെങ്കിലും അന്നത്തെ മൻമോഹൻ സർക്കാർ സിഗ്നൽ നൽകാൻ മടിക്കുകയായിരുന്നു.
പാകിസ്ഥാനിൽ നിന്നും കടൽ മാർഗമെത്തിയായിരുന്നു ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബയിൽ ഭീകരർ തീക്കളി നടത്തിയത്. സുരക്ഷയിലുണ്ടായ വീഴ്ചയെ കുറിച്ച് ഇതോടെ ഭരണാധികാരികളുടെ ശ്രദ്ധ തിരിഞ്ഞു. ഇന്ന് മുംബയ് ഭീകരാക്രമണത്തിന് 12 വർഷം തികയുമ്പോൾ രാജ്യത്തെ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രത്തിൽ ഇന്ത്യ വരുത്തിയ സുരക്ഷാ മാറ്റങ്ങൾ വളരെ വലുതാണ്. അത് ഇവിടെ പരിശോധിക്കാം.
മുംബയ് ഭീകരാക്രമണത്തിന് ശേഷം കൂടുതൽ നവീകരണമുണ്ടായത് കോസ്റ്റ് ഗാർഡിനാണ്. ഇന്ത്യയുടെ 7,500 കിലോമീറ്റർ തീരപ്രദേശത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാർഡിന് 2008 ഉണ്ടായിരുന്നത് തുച്ഛമായ 74 കപ്പലുകളായിരുന്നു. ഇന്ന് അവയുടെ എണ്ണം134ആയി ഉടൻ 200 കപ്പലുകളുള്ള സേനയായി മാറം . 2008 ൽ നിരീക്ഷണത്തിനായി 44 വിമാനങ്ങളുണ്ടായിരുന്ന കോസ്റ്റ് ഗാർഡിന് ഇന്ന് 58 വിമാനങ്ങളുണ്ട്. കടലിൽ ഫലപ്രദമായി പട്രോളിംഗ് നടത്താൻ രത്നഗിരിയിൽ എയർ സ്റ്റേഷനും നിർമ്മിച്ചു. കോസ്റ്റ് ഗാർഡിന്റെ നവീകരണ പ്രവർത്തികൾക്കായി 2017ൽ മോദി സർക്കാർ 31,748 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനാവുന്ന പദ്ധതികളാണ് ഇതിലുള്ളത്. 2008 ൽ 5,000ഓളം ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തിൽ നിന്ന്, നിലവിൽ 12000 അംഗബലമുള്ള സേനയാണ് കോസ്റ്റ് ഗാർഡ്, ഇനിയും 8000 പേരെ കൂടി ഉൾപ്പെടുത്തി സേനയെ വിപുലീകരിക്കുവാനാണ് പദ്ധതി ഇടുന്നത്.
കോസ്റ്റ് ഗാർഡിനൊപ്പം പുറം കടലിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നാവിക സേനയും കൂടുതൽ ശ്രദ്ധ നൽകിയത് മുംബയ് തീവ്രവാദ ആക്രമണത്തോടെയാണ്. ഇതിനായി നാവികസേനയെ നോഡൽ ഏജൻസിയാക്കി മാറ്റിയ സർക്കാർ മുംബയ് വിശാഖപട്ടണം, കൊച്ചി, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നാല് സംയുക്ത പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതോടു കൂടി രാജ്യത്തെ സമുദ്രാതിർത്തി കടക്കുന്ന ഏതു കപ്പലും ചെറുയാനങ്ങലും നാവിക സേനയുടെ കണ്ണിൽക്കൂടിയല്ലാതെ ഇന്ത്യൻ അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. നാവിക സേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിൽ സന്ദേശം ലഭിച്ചാൽ നാല് മിനിട്ടിനുള്ളിൽ പറക്കാൻ തയ്യാറായി ഒരു വിമാനം എപ്പോഴും തയ്യാറാക്കി, ഏത് സാഹചര്യത്തിലും 30 മിനിറ്റിനുള്ളിൽ പ്രഹരിക്കുവാൻ തയ്യാറായി കപ്പലുകളും സമുദ്രാതിർത്തിയിൽ അണിനിരത്തിയിട്ടുണ്ട്.
മുംബയ് പൊലീസും മാറി
തീവ്രവാദ ആക്രമണം മുംബയ് പൊലീസിന്റെയും കണ്ണുതുറപ്പിച്ചു. മഹാരാഷ്ട്രയുടെ തീരപ്രദേശത്തെ 35 സ്ഥലങ്ങളിൽ പ്രത്യേക ടാർഗെറ്റ് റൂമുകൾ തയ്യാറാക്കി. നൈറ്റ് വിഷൻ, തെർമൽ ക്യാമറകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നീ സജ്ജീകരണങ്ങൾ ഒരുക്കി. തീരമേഖലയെ കോർത്തിണക്കി സിസിടിവി ശൃംഖലകൾ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |