കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിചാരണ കോടതി. ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. വിചാരണ കോടതി മാറ്റണമെന്ന പരാതിക്കാരിയുടേയും പ്രോസിക്യൂഷന്റേയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിധിക്ക് പിന്നാലെ കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുകേശൻ രാജിവയ‌്ക്കുകയും ചെയ‌്തു.
അതേസമയം, കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുനരാരംഭിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച വിവരം സുകേശൻ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ഇന്ന് കോടതിയിൽ ഹാജരായി.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന കാരണമായിരുന്നു സർക്കാരും പ്രോസിക്യൂട്ടറും ഉന്നയിച്ചത്. പ്രോസിക്യൂട്ടർക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ വിചാരണ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ അഭ്യർത്ഥന. ഇരയുടെ വിസ്‌താരം പൂർത്തിയായ സാഹചര്യത്തിൽ പുരുഷ ജഡ്ജിയുടെ കോടതി ആയാലും മതിയെന്ന അഭ്യർത്ഥനയും കോടതി കണക്കിലെടുത്തിരുന്നില്ല.
കോടതി മാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകണമെന്ന നിർദേശത്തോടെയായിരുന്നു വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |