മുംബയ്: ഇന്ത്യൻ സോഫ്‌റ്റ്‌വെയർ ഇൻഡസ്‌ട്രിയുടെ പിതാവ് എന്ന വിശേഷണത്തിനുടമയും ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്) സ്ഥാപകനും ആദ്യ സി.ഇ.ഒയുമായ ഫക്കീർ ചന്ദ് കൊഹ്‌ലി ഓർമ്മയായി. 96 വയസായിരുന്നു. ടാറ്റാ പവറിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരായും പൂനെയിലെ കോളേജ് ഒഫ് എൻജിനിയറിംഗ് ബോർഡ് ഒഫ് ഗവർണേഴ്‌സ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
94 വയസുവരെയും ഐ.ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ടെക്‌നോളജിക്ക് സ്ഥിരതയില്ലെന്നും അതെപ്പോഴും മുന്നേറുകയാണെന്നുമാണ് ഇതിന് അദ്ദേഹം നൽകിയിരുന്ന വാദം. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന് അടിത്തറപാകിയ കൊഹ്‌ലിക്കൊപ്പം പ്രവർത്തിക്കാൻ 1990കളിൽ നാസ്‌കോം എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായിരിക്കേ സാധിച്ചിട്ടുണ്ടെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി പറഞ്ഞു.
ഇന്ത്യൻ ഐ.ടിയുടെ വഴികാട്ടിയായിരുന്ന കൊഹ്‌ലിയുടെ പാതയാണ് മറ്റു കമ്പനികൾ പിന്തുടരുന്നതെന്ന് വിപ്രോ ചെയർമാൻ അസീം പ്രേംജി പറഞ്ഞു. 1924 മാർച്ച് 19ന് പെഷാവറിൽ ജനിച്ച കൊഹ്‌ലിയുടെ വിദ്യാഭ്യാസം ലാഹോർ, കാനഡ, അമേരിക്ക എന്നിവിടങ്ങളിലായിരുന്നു.
1951ൽ ഇന്ത്യയിലെത്തി; ടാറ്റാ ഇലക്ട്രിക് കമ്പനീസിൽ ചേർന്നു. 1968ൽ സ്ഥാപിക്കപ്പെട്ട ടി.സി.എസിന്റെ ഡയറക്‌ടറായിരുന്ന അദ്ദേഹത്തെ തേടി ആദ്യ സി.ഇ.ഒ സ്ഥാനവുമെത്തി. 1999ൽ 75-ാം വയസിൽ വിരമിച്ചു. 1995-96ൽ നാസ്‌കോം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |