ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവിഷീൽഡിനെ പുതിയ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് റിപ്പോർട്ട്. ആസ്ട്രാസെനക സി.ഇ.ഒ ആയ പാസ്കൽ സോറിയറ്റാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുയർന്ന സാഹചര്യത്തിലാണ് പരീക്ഷണം നടത്തുന്നത്.
വാക്സിൻ കുറച്ചു കൂടി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് സോറിയറ്റ് പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, വിവിധ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ വാക്സിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.അതേസമയം, ഇന്ത്യയിൽ കൊവിഷീൽഡിന്റെ പരീക്ഷണം നടത്തുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ചു. ഇന്ത്യയിലെ വാക്സിൻ പരീക്ഷണം സുരക്ഷിതമായാണ് മുന്നോട്ട് പോകുന്നത്. വാക്സിന്റെ അളവിനും ആളുകളുടെ പ്രായത്തിനും അനുസരിച്ച് കാര്യക്ഷമതയിൽ മാറ്റം വരുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.
അതേസമയം, വാക്സിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി ആസ്ട്രാസെനകയുടെ പരീക്ഷണ ഡോസ് റഷ്യയുടേതുമായി സംയോജിപ്പിക്കാൻ ശ്രമിക്കണമെന്ന് സ്പുട്നിക് 5 നിർമാതാക്കൾ അഭിപ്രായപ്പെട്ടു. 92 ശതമാനം ഫലപ്രാപ്തി സ്പുട്നികിന് ഉണ്ടെന്ന് ഇടക്കാല പരീക്ഷണത്തിൽ കണ്ടെത്തിയതായി റഷ്യ പറഞ്ഞു. എന്നാൽ തങ്ങളുടെ വാക്സിന് 70 ശതമാനമാണ് ഫലപ്രാപ്തിയെന്നും ഇത് 90 ശതമാനം വരെയാകുമെന്നും ആസ്ട്രസെനക വ്യക്തമാക്കുന്നു.അവർ പുതിയ പരീക്ഷണത്തിന് തയാറാകുന്നെങ്കിൽ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി ആസ്ട്രാസെനകയുടെയും സ്പുട്നിക് 5ന്റെയും അഡിനോവൈറൽ ഷോട്ടുകൾ സംയോജിപ്പിക്കാൻ നിർദ്ദേശിക്കുന്നതായി റഷ്യൻ വാക്സിൻ നിർമ്മാതാക്കൾ ട്വിറ്ററിൽ കുറിക്കുന്നു.ഈ വർഷം അവസാനത്തോടെ 200 മില്യൺ ഡോസ് പുറത്തിറക്കാനാകുമെന്ന് അസ്ട്രാസെനക പറയുന്നു. വിലക്കുറവും സാധാരണ റഫ്രിജറേറ്റർ താപനിലയിൽ എവിടേക്കും കൊണ്ടുപോകാമെന്നതും പല വികസ്വര രാജ്യങ്ങൾക്കും മികച്ച പ്രതീക്ഷ നൽകുന്നതാണ്.
വാക്സിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ആസ്ട്രാസെനക ആഗോള തലത്തിൽ പരീക്ഷണം നടത്തിയേക്കുമെന്നും ബ്രിട്ടിഷ് സർക്കാരിന്റെ മുതിർന്ന സയന്റിഫിക് ഉപദേഷ്ടാവ് പാട്രിക് വാലൻസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |