സോൾ: സ്ത്രീകളേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ഭീഷണിപ്പെടുത്തി ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ച് വിൽപ്പന നടത്തിയ കേസിൽ പ്രതിയായ 24 കാരന് 40 വർഷം തടവ്. ദക്ഷിണ കൊറിയക്കാരനായ ഓൺലൈൻ ചാറ്റ് റൂം നടത്തിപ്പുകാരൻ ചോ ജു ബിനെ ആണ് സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്ന നിയമങ്ങളുടെ ലംഘനം, സംഘടിത കുറ്റകൃത്യ ശൃംഖല നടത്തിപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷയെന്ന് കോടതി വക്താവ് കിം യോങ് ചാൻ പറഞ്ഞു. പലതരം രീതികളിലൂടെ സ്ത്രീകളെയും പെൺകുട്ടികളെയും ഭീഷണിപ്പെടുത്തിയാണ് ചോ കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ മനോഭാവം, കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം എന്നിവ പരിഗണിച്ച് പ്രതിയെ ദീർഘകാലത്തേക്ക് ഏകാന്തതടവിലയക്കാനാണ് കോടതിയുടെ തീരുമാനമെന്നും വക്താവ് പറഞ്ഞു.