തിരുവനന്തപുരം: തങ്ങൾക്ക് സംഭവിച്ച ജാഗ്രതക്കുറവാണ് പൊലീസ് നിയമഭേദഗതി വേണ്ടെന്ന് വയ്ക്കുന്നതിന് ഇടയാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജാഗ്രതക്കുറവിനെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോൾ, ജാഗ്രതക്കുറവ് പാർട്ടിക്കാണ് ഉണ്ടാവുകയെന്ന് അദ്ദേഹം വിശദീകരിച്ചു. 'ജാഗ്രതക്കുറവിനെ എങ്ങനെയും വ്യാഖ്യാനിക്കാം. തിരുത്താനിടയായ സാഹചര്യം ജാഗ്രതക്കുറവിന്റേതാണ്. അത് ഏത് വ്യക്തിക്ക് എന്നതല്ല, പൊതുവായ ജാഗ്രതക്കുറവാണ്' ,മുഖ്യമന്ത്രിക്കാണോ വീഴ്ചയുണ്ടായതെന്ന ചോദ്യത്തിന് വിജയരാഘവൻ മറുപടി നൽകി.
" സർക്കാരിലായാലും പാർട്ടിയിലായാലും പാർട്ടി തന്നെയാണതിലുണ്ടാവുക. സർക്കാരിൽ പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളും, പുറത്ത് നേതൃത്വം കൊടുക്കുന്നവരും ഒരുമിച്ചാണ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതും പ്രവർത്തിക്കുന്നതും. സദുദ്ദേശ്യപരമായി നടപ്പാക്കാനുദ്ദേശിച്ച നിയമം തയാറാക്കിയതിൽ പിഴവ് കണ്ടപ്പോൾ തിരുത്തി. അതിന് ശേഷമുള്ള ചോദ്യങ്ങൾ അപ്രസക്തമാണ് "- വിജയരാഘവൻ പറഞ്ഞു.
തിരുത്താൻ കേന്ദ്രനേതൃത്വം നിർദ്ദേശിച്ചോയെന്ന് ചോദിച്ചപ്പോൾ, പാർട്ടിയെന്നത് കേന്ദ്ര നേതൃത്വവും ചേർന്നതാണെന്ന് മറുപടി. പാർട്ടി ഒരു വ്യക്തിയല്ല. കൂട്ടായ അഭിപ്രായ രൂപീകരണ സംവിധാനമാണ്. എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലയിൽ സി.പി.എമ്മിന്റെ ശരിയായ രാഷ്ട്രീയകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നിയമമുണ്ടാക്കി. പാർട്ടിയോട് അനുഭാവം പുലർത്തുന്നവരടക്കം പൊതുസമൂഹത്തിൽ നിന്ന് വിമർശനമുണ്ടായപ്പോൾ പരിശോധിച്ച് തിരുത്തി. ചില ദോഷൈകദൃക്കുകൾ പാർട്ടി നല്ല തീരുമാനമെടുക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ടാവും.
മുഖ്യമന്ത്രിയുടെ ഉപദേശകന്റെ ജാഗ്രതക്കുറവെന്ന് താൻ പറഞ്ഞിട്ടില്ല. നല്ല ഉദ്ദേശ്യത്തിന് ചെയ്തപ്പോൾ വിമർശനം വന്നു, തിരുത്തി. ഓരോന്നും അടർത്തിയെടുത്ത് തെറ്റും ശരിയും കാണേണ്ട. സമൂഹത്തിന് വേണ്ടി ചെയ്തതാണെല്ലാം. താൻ വളരെ തുറന്നാണ് സംസാരിച്ചതെന്നും , വീണ്ടും തുറക്കണമെന്ന് പറഞ്ഞാൽ ശരിയാവില്ലെന്നും അദ്ദേഹം മറുപടി നൽകി.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ പ്രതിപക്ഷനേതാവ് കോഴ വാങ്ങിയെന്ന ആക്ഷേപം വസ്തുതാപരമാണ്. മുഖ്യമന്ത്രിക്കെതിരെയും ബാറുടമ ആരോപണമുന്നയിച്ചല്ലോയെന്ന് ചോദിച്ചപ്പോൾ, ഏതെങ്കിലും സി.പി.എം നേതാവ് പണം വാങ്ങിയെന്ന് ആക്ഷേപമില്ലെന്ന് മറുപടി നൽകി. ഒരു ചായ പോലും വാങ്ങിക്കുടിച്ചിട്ടില്ലെന്ന് ബാറുടമ പറഞ്ഞത് താൻ കേട്ടിട്ടുണ്ട്. പണം കൊടുത്തയാളാണ് ആക്ഷേപമുന്നയിക്കുന്നത്. ദിവസവും മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമുന്നയിക്കുന്ന കേന്ദ്രമന്ത്രി മുരളീധരൻ ആദ്യം ചെയ്യേണ്ടത് സ്വർണ്ണക്കടത്ത് കേസിലെ യഥാർത്ഥ പ്രതികളെ സമൂഹമദ്ധ്യത്തിലെത്തിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |