ആലപ്പുഴ: ബൂത്തിലെത്താൻ പറ്റാത്തവർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് വോട്ട് ചെയ്യാനായോലോ...! സംഗതി കൊള്ളാം പക്ഷേ, നടക്കുമോ എന്നു ചോദിക്കാൻ വരട്ടെ. ഇങ്ങനെയൊരു സംവിധാനം ആലപ്പുഴ മുഹമ്മക്കാരൻ സി.എസ്. ഋഷികേശ് (45) റെഡിയാക്കിയിട്ടുണ്ട്.
അനുമതി തേടി എ.എം.ആരിഫ് എം.പി വഴി ഈ ആഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും പ്രധാനമന്ത്രിയെയും സമീപിക്കും. പുതിയ ആശയം ഇഷ്ടപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശപ്രകാരമാണിത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ "ഗ്ലോബൽ സാറ്റലൈറ്റ് വോട്ടിംഗ് സിസ്റ്റം" രംഗത്തിറക്കണമെന്നാണ് മോഹം.
തിരഞ്ഞെടുപ്പ് ഐ.ഡിക്കൊപ്പം രജിസ്റ്റർ ചെയ്ത നമ്പരിൽ നിന്നുള്ള കാൾ മാത്രമേ സിസ്റ്റം സ്വീകരിക്കൂ. അക്കത്തിൽ അമർത്തിയാണ് വോട്ടിടേണ്ടത്. ഫോണിലെ 1 മുതൽ 9 വരെയുള്ള അക്കങ്ങളിൽ ആദ്യം അമർത്തുന്ന സംഖ്യയാണ് ബൂത്തിൽ സ്ഥാപിക്കുന്ന ഹാർഡ് വെയർ യൂണിറ്റ് സ്വീകരിക്കുക. ഒന്നിൽ കൂടുതൽ തവണ വോട്ട് ചെയ്യാനോ ഒരേ സ്ഥാനാർത്ഥിക്ക് വീണ്ടും വോട്ട് ചെയ്യാനോ സാധിക്കില്ല. ഒരു തവണ വോട്ട് ചെയ്തയാൾ വീണ്ടും ബൂത്തിലേക്ക് വിളിച്ചാൽ ഡിജിറ്റൽ തെളിവ് ലഭ്യമാകും. വോട്ടിംഗ് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നാൽ പോളിംഗ് ബൂത്തിൽ അന്നേ ദിവസം വന്ന കാൾ ലിസ്റ്റെടുത്ത് പരിശോധിക്കാം.
പ്രവർത്തനം
1. വോട്ടർ ഐ.ഡിയിൽ കമ്മിഷൻ രേഖപ്പെടുത്തി നൽകുന്ന ഫോൺ നമ്പരിൽ നിന്ന് പ്രിസൈഡിംഗ് ഓഫീസറുടെ ഫോണിലേക്ക് വിളിക്കണം
2. കാൾ കണക്ട് ആയ ഉടൻ ആധാർ നമ്പർ പരിശോധിച്ച് പ്രിസൈഡിംഗ് ഓഫീസർ വോട്ടറെ തിരിച്ചറിയും
3. പ്രിസൈഡിംഗ് ഓഫീസർ 'അലൗ' ബട്ടൺ അമർത്തിയശേഷം വോട്ട് ചെയ്യാൻ നിർദ്ദേശിക്കും
4. വോട്ടിംഗ് മെഷീനിലെ അക്കങ്ങളിൽ നിന്ന് ഇഷ്ട സ്ഥാനാർത്ഥിക്ക് നേരെയുള്ള അക്കം ഫോണിൽ അമർത്തണം
(ഡമ്മി ബാലറ്റ് നേരത്തേ കാണുന്നതിനാൽ അക്കത്തിൽ കൺഫ്യൂഷൻ വേണ്ട)
5. വോട്ടിംഗ് വിജയകരമാകുമ്പോൾ മെഷീനിൽ നിന്ന് 'ബീപ് ' ശബ്ദം ഉയരും
സ്ഥാനാർത്ഥികൾ കൂടുതലെങ്കിൽ
ഒന്ന് മുതൽ 9 വരെ നമ്പരിലുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമാണ് വികസിപ്പിച്ചത്. കൂടുതൽ സ്ഥാനാർത്ഥികളുള്ള സാഹചര്യത്തിൽ ഹാർഡ് വെയർ എക്സ്റ്റൻഷൻ വഴി ഡിജിറ്റുകൾ കൂട്ടി പരിഹാരമുണ്ടാക്കാം. അതിന് ചെലവേറും.
രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്
നെഹ്രുട്രോഫി ജലമേളയിൽ ഉപയോഗിക്കുന്ന സ്റ്റിൽ സ്റ്റാർട്ട് സംവിധാനമുൾപ്പെടെ കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട് ഋഷികേശ്. ഗ്രാമീണ കണ്ടുപിടിത്തങ്ങൾക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് 2015ൽ ലഭിച്ചു.ചേർത്തല എസ്.എൻ കോളേജിൽ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. കലാലയ സമരങ്ങളിൽ മടുത്ത് അങ്ങോട്ടിനി പോകില്ലെന്നു തീരുമാനിച്ചു. പിന്നെ വായനയായി കൂട്ട്. ഇലക്ട്രാണിക്സ് ഇഷ്ടവിഷയം. പുസ്തകങ്ങളിൽ നിന്ന് വിദേശ യൂണിവേഴ്സിറ്റികളെപ്പറ്റി മനസിലാക്കി. അമേരിക്കയിലെ ബന്ധുക്കൾ വഴി അവിടത്തെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നുൾപ്പെടെ ഇലക്ട്രോണിസ് പുസ്തകങ്ങൾ വരുത്തി വായിച്ചു. ആ അറിവ് വച്ചാണ് പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും. വീട്ടിൽ ഇലക്ട്രോണിക് സർവീസും ചെയ്തുകൊടുക്കുന്നു. അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |