കണ്ണൂർ: ജില്ലാ പഞ്ചായത്തിലെ നടുവിൽ ഡിവിഷൻ ഇടതു വലതു മുന്നണികൾക്ക് കേവലം ഒരു ജയത്തിന്റെ പ്രശ്നമല്ല. അഭിമാന പ്രശ്നം തന്നെയാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നിലനിൽപ്പിന്റേതാണെങ്കിൽ പുതിയ ബാന്ധവം കരുത്തുകൂട്ടിയോ എന്നറിയാനുള്ള പരീക്ഷണാവസരമാണ്. ജോസ് വിഭാഗം മുന്നണി വിട്ടത് കരുത്ത് ചോർത്തിയില്ലെന്ന് യു.ഡി.എഫിനും തെളിയിച്ചേ പറ്റു.
യു.ഡി.എഫിലായിരിക്കെ ജോസ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ജോസ് വിഭാഗം ഇടത്തോട്ട് ചരിഞ്ഞതോടെ ഡിവിഷൻ നിലനിർത്തണമെന്നതാണ് ഇരുവിഭാഗത്തിന്റെയും സമ്മർദ്ദം. കോൺഗ്രസിലെ മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ടി.സി.പ്രിയയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതു മുന്നണി കോൺഗ്രസ് എസിനാണ് ഡിവിഷൻ നൽകിയിരിക്കുന്നത്. നീതുമോൾ വർഗീസാണ് അവരുടെ സ്ഥാനാർത്ഥി. എൻ.ഡി.എക്കുവേണ്ടി ആനിയമ്മ രാജേന്ദ്രനും രംഗത്തുണ്ട്. നടുവിൽ പഞ്ചായത്തിലെ 19 വാർഡുകളും ഉദയഗിരിയിലെ 15 വാർഡുകൾ, ചെങ്ങളായി 9, ആലക്കോട് പഞ്ചായത്തിലെ 6 വാർഡുകളും ഉൾകൊള്ളുന്നതാണ് നടുവിൽ ഡിവിഷൻ. യു.ഡി.എഫിന് പ്രത്യേകിച്ച് കോൺഗ്രസിന് നല്ല സ്വാധീനമുള്ള മണ്ണാണ് ഇതെങ്കിലും കേരള കോൺഗ്രസ് മാണി മുന്നണി വിട്ടതോടെ സ്ഥിതി എന്താകുമെന്ന് കണ്ടറിയണം. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും. മുന്നണികളുടെ ജയപരാജയത്തെ സ്വാധീനിക്കാനുള്ള വോട്ടുകൾ ബി.ജെ.പിക്കും ഉണ്ടെന്നത് ഇടതു, വലതു മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
'നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന പാലക്കയംതട്ടും പൈതൽമലയും ഡിവിഷൻ പരിധിയിലാണ് വരുന്നത്. ഇവിടേക്കുള്ള റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് മുന്തിയ പരിഗണന നൽകും. കാരക്കുണ്ട് വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തും. സ്കൂളുകളും ഗ്രാമീണ റോഡുകളും നല്ല നിലവാരത്തിലേക്ക് ഉയർത്തും- (പ്രിയ.ടി.സി, കോൺഗ്രസ്)
'മലയോരത്ത് ഏറെ ബുദ്ധിമിട്ട് ഉണ്ടാക്കുന്നത് കുടിവെള്ളമാണ്. തടയണകൾപോലുള്ള സംവിധാനങ്ങൾ കൊണ്ടുവന്ന് ഇതിന് പരിഹാരം കാണും. തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കും. കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് മുന്തിയ പരിഗണന നൽകും'. - നീതുമോൾ വർഗീസ്, കോൺഗ്രസ് (എസ്)
'ഭരണം സാധാരണക്കാർക്കും അനുഭവപ്പെടണം. കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് വേണ്ടി നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. ഇവയല്ലാം ഡിവിഷനിൽ എത്തിക്കും. കുടിവെള്ളത്തിന്റെ പ്രശ്നമായാലും റോഡ് വികസമായാലും ഇനിയും എറെ മുന്നോട്ടു പോകാനുണ്ട്. അതിനുവേണ്ടി യത്നിക്കും. (ആനിയമ്മ രാജേന്ദ്രൻ, ബി.ജെ.പി).