കത്തിക്കയറി ആവേശ പ്രചാരണം
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് പത്തുനാൾ ശേഷിക്കേ മുന്നണികൾ ആവേശ പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ ഇതിനുള്ള ചെലവ് കാശ് കണ്ടെത്താനാകാതെ വലയുകയാണ് ഒരു വിഭാഗം സ്ഥാനാർത്ഥികളും മുന്നണികളും.
കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വ്യാപാര - വ്യവസായ കേന്ദ്രങ്ങളിൽ നിന്ന് പഴയതുപോലെ വലിയ തുകയൊന്നും സംഭാവന ലഭിക്കുന്നില്ല. മാത്രമല്ല, കൂടുതൽ പേർ സംഭാവന ആവശ്യപ്പെടുന്നതിനാൽ കൊടുക്കുന്ന സംഖ്യയിലും വലിയ കുറവുണ്ടാകുന്നു. പോസ്റ്റർ, ഫ്ളക്സ്, നോട്ടീസ്, ചുവരെഴുത്ത്, കൊടി, തോരണം, മാസ്ക്, ചിഹ്നം പതിച്ച പോസ്റ്റർ, മൈക്ക് അനൗൺസ്‌മെന്റ്, പ്രചാരണ വാഹനങ്ങൾ തുടങ്ങി പ്രാഥമിക പ്രചാരണ സാമഗ്രികൾക്ക് തന്നെ വലിയ ചെലവുണ്ട്.
ഇതിന് പുറമെയാണ് ദിവസേനെയുള്ള ഹോം സ്ക്വാഡ് പ്രവർത്തനങ്ങൾ, കുടുംബ യോഗങ്ങൾ, ബൂത്ത് കൺവെൻഷനുകൾ, ബൂത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങിയ ചെലവുകൾ. ഇനി ശേഷിക്കുന്ന പത്ത് ദിവസം പ്രചാരണത്തിൽ ഒരിഞ്ച് പിന്നോട്ട് പോകാതെ ഇടിച്ച് നിന്നെങ്കിലെ വോട്ട് പെട്ടിയിൽ വീഴൂ. സ്ഥാനാർത്ഥികൾ സ്വന്തം നിലയിലും പാർട്ടി ഘടകങ്ങളും പണം കണ്ടെത്താനുള്ള ഓട്ട പാച്ചിലിലാണ്. ദിവസ വേതനക്കാരായ തൊഴിലാളികളിൽ പലരും പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളാണ്. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് 20 ദിവസത്തെ തൊഴിലും വരുമാനം നിലയ്ക്കുന്നത് മാത്രമല്ല പ്രചാരണത്തിനായി പതിനായിരക്കണക്കിന് രൂപ കടം വാങ്ങേണ്ടിയും വരുന്നതാണ് താഴെ തട്ടിലെ യാഥാർത്ഥ്യം.
തൊട്ടതിനെല്ലാം ചെലവേറെ
പഞ്ചായത്ത് വാർഡിൽ തരക്കേടില്ലാത്ത പ്രചാരണം നടത്തി എല്ലായിടത്തും മുഖം കാണിക്കണമെങ്കിൽ തന്നെ കുറഞ്ഞത് ഒരു ലക്ഷം രൂപ ഇല്ലാതെ തരമില്ല. കടുത്ത മത്സരം നടക്കുന്നയിടങ്ങളിൽ തുക പിന്നെയും ഉയരും. ഒരു പഞ്ചായത്തിന്റെ പകുതിയിലേറെ വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും ഒരു നിയമസഭാ മണ്ഡലത്തിന്റെ പകുതിയോളം വരുന്ന ജില്ലാ പഞ്ചായത്ത് സീറ്റുകളിലും പ്രചാരണത്തിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും.
തിര. കമ്മിഷൻ നിർദേശിച്ച ചെലവാക്കാവുന്ന തുക
പഞ്ചായത്ത് വാർഡുകൾ: 25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി: 75,000 രൂപ
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ ഡിവിഷനുകൾ: 1.5 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |