തൃശൂർ: കൊവിഡ് നിരക്കിൽ അൽപ്പം കുറവ് വന്നെങ്കിലും ജില്ലയിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രം 170 ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഔദ്യോഗിക കണക്കിനേക്കാൾ ഇരട്ടിയിലേറെ മരണം ജില്ലയിൽ ഉണ്ടായെന്നാണ് കണക്ക്. പലരും കൊവിഡ് നെഗറ്റീവ് ആയെങ്കിലും അനുബന്ധ രോഗങ്ങൾ മൂർച്ഛിച്ചാണ് മരിക്കുന്നത്. കൊവിഡ് നെഗറ്റീവായ ശേഷം മരണപ്പെട്ടാൽ കണക്കിൽ ഉൾപ്പെടുത്താറില്ല.
കഴിഞ്ഞ പത്ത് ദിവസത്തിനകം 45 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. നവംബർ മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിൽ വന്നത്. ഭൂരിഭാഗം ദിവസങ്ങളിലും ഏഴുന്നൂറിന് താഴെയാണ് രോഗികളുടെ എണ്ണം ഉണ്ടായത്. എന്നാൽ മരണ സംഖ്യ ഏറെ വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തതോടെ നിയന്ത്രണം കാര്യക്ഷമമമല്ല. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഒരിടത്തും പാലിക്കുന്നില്ല. മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരിൽ പലരും ആദ്യം വീടുകളിൽ തന്നെയാണ് ഇരിക്കാറുള്ളതെങ്കിലും പിന്നീട് രോഗം ഗുരുതരമാകുന്നതോടെ ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ്.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിലും അനുബന്ധ സ്ഥലങ്ങളിലും പൊതുജനങ്ങൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും നിയന്ത്രണമുണ്ട്. ഇതുപ്രകാരം ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം പുറമെനിന്ന് ബന്ധുക്കൾ, സ്‌നേഹിതർ എന്നിവർ വഴി എത്തിച്ചു നൽകുന്ന മരുന്ന്, വസ്ത്രം, മൊബൈൽ ഫോൺ എന്നിവ ദൈനംദിന ആവശ്യത്തിനുള്ള വസ്തുക്കളായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ രോഗികൾക്ക് ആവശ്യമായ ഭക്ഷണം, ചായ, ലഘു ഭക്ഷണം എന്നിവ സൗജന്യമായി ആശുപത്രി അധികൃതർ യഥാസമയം അതത് വാർഡുകളിൽ വിതരണം ചെയ്യുന്നതിനാൽ പുറമേ നിന്നുള്ള ഭക്ഷണത്തിനും പലഹാരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
അത്യാവശ്യഘട്ടങ്ങളിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്ന വ്യക്തികൾ രോഗിയുടെ പേര്, വിലാസം എന്നിവയ്‌ക്കൊപ്പം കൊടുക്കുന്ന വ്യക്തിയുടെ വിലാസം, ഫോൺ നമ്പർ, പൊതിയിലുള്ള സാധനങ്ങളുടെ വിശദാംശങ്ങൾ എന്നിവയും വ്യക്തമാക്കണം. ഈ വിശദാംശങ്ങൾ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തി പരിശോധനയ്ക്കായി സെക്യൂരിറ്റി ഓഫീസിൽ എത്തിച്ച് മുൻവശത്തുള്ള വരാന്തയിൽ ഏൽപ്പിക്കണം. ഇതിനുള്ള സമയക്രമം എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് അഞ്ച് വരെ നിജപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ നവംബർ 26 വരെയുള്ള മരണ സംഖ്യ - 223
ഒക്ടോബറിൽ മരിച്ചവരുടെ എണ്ണം- 70
നവംബർ 26 വരെ മരിച്ചത്- 98
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് - 45
നവംബറിൽ കൊവിഡ് രോഗികൾ ആയിരം കടന്ന ദിവസങ്ങൾ
നവംബർ 1 ---1049
നംവബർ 5----1032
നവംബർ 6---1042
നവംബർ -10----1088
നവംബർ 12 --1062
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |