തിരുവനന്തപുരം: പരാതി നൽകാനെത്തിയ ആളെ മകളുടെ മുന്നിൽവച്ച് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരിദ്ദിൻ ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ എഎസ്‌ഐയ്‌ക്കെതിരെ കൂടുതൽ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ നെടുമങ്ങാട് ഡിവൈഎസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.
കുടുംബ പ്രശ്‌നത്തിൽ പരാതി നൽകാനെത്തിയ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടുമാണ് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത്. പൊലീസിന്റെ പെരുമാറ്റം മോശമായപ്പോൾ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണിൽ സംഭവം റെക്കോർഡ് ചെയ്തത്.സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ എ.എസ്.ഐ ഗോപകുമാറിനെ ഡി.ജി.പി ഇടപെട്ട് കുട്ടിക്കാനം ആംഡ് ബറ്റാലിയൻ അഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.