ഇടുക്കി: സ്വർണക്കടത്തിൽ കസ്റ്റംസിനും പങ്കെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ രവീന്ദ്രന്റെ ബന്ധുക്കളാണ്. കസ്‌റ്റംസിൽ സി പി എം ഫ്രാക്ഷനുണ്ട്. കിഫ്‌ബിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ശിവശങ്കറിന്റേയും രവീന്ദ്രന്റേയും പങ്കുകൾ കൂടുതൽ തെളിയുകയാണ്. തോമസ് ഐസക്ക് കിഫ്‌ബിയിൽ അസാധാരണമായി ഒന്നുമില്ലെന്ന് പറയുമ്പോഴും കരാർ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കമ്പനികൾക്ക് ടെൻഡർ നൽകിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
രവീന്ദ്രൻ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ മുഴുവൻ അദ്ദേഹത്തിന്റേത് തന്നെയാണോ ബിനാമി വസ്‌തുക്കളാണോയെന്ന് വ്യക്തമാക്കണം. ഒരു സാധാരണക്കാരനായ രവീന്ദ്രൻ പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും നടത്തിയ ശതകോടി കണക്കിന് രൂപയുടെ നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇ ഡി റെയ്‌ഡ് നടത്തിയ പല സ്ഥാപനങ്ങളും രവീന്ദ്രൻ പണം മുടക്കി നടത്തുന്നവയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
രവീന്ദ്രൻ മുടക്കിയ പണം മുഴുവൻ അദ്ദേഹത്തിന്റേത് തന്നെയാണോയെന്നാണ് അറിയേണ്ടത്. രവീന്ദ്രനെ ചോദ്യം ചെയ്‌താൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകും. അതുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകിപ്പിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ അഴിമതിയാണ് ബി ജെ പിയുടെ പ്രചാരണ വിഷയം. എൽ ഡി എഫും യു ഡി എഫും അഴിമതി മുന്നണികളാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |