തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ യു.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തുന്നതിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ..സി. വേണുഗോപാൽ എത്തും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് വേണുഗോപാൽ ജില്ലയിൽ പര്യടനം നടത്തുന്നത്. കേരള രാഷ്ട്രീയത്തിലേക്ക് കെ.സി. വേണുഗോപാൽ മടങ്ങിവരികയാണെന്ന് റിപ്പോർട്ടുകൾക്കിടെയാണ് ആലപ്പുഴ ജില്ലയിൽ പര്യടനത്തിനായി അദ്ദേഹം എത്തുന്നത്.
ശക്തിയാർജ്ജിക്കുന്ന കെ.സി ഗ്രൂപ്പ്
ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് എം.എൽ.എയായും ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പിയായുമാണ് കെ.സി. വേണുഗോപാൽ പാർലമെന്ററി രാഷ്ട്രീയത്തിൽ സജീവമായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എ, ഐ എന്നീ പ്രബല ഗ്രൂപ്പുകളാണ് കേരളത്തിലെ കോൺഗ്രസ് സംവിധാനത്തിന് അകത്തുണ്ടായിരുന്നത്. ഇടയ്‌ക്ക് തലപൊക്കിയിരുന്ന ഗ്രൂപ്പുകളെല്ലാം പതുക്കെ ഇല്ലാതായി രണ്ട് ഗ്രൂപ്പുകൾ എന്ന അവസ്ഥയിലേക്ക് തന്നെ മാറിയിരുന്നു. എന്നാൽ, ഈ രണ്ട് ഗ്രൂപ്പുകൾക്കും അപ്പുറത്ത് പുതിയ ഗ്രൂപ്പ് സംവിധാനം രൂപപ്പെട്ടിരിക്കുകയാണ് കോൺഗ്രസിനകത്ത്.
കെ.സി. വേണുഗോപാലിനെ പിന്തുണയ്‌ക്കുന്ന ഗ്രൂപ്പാണ് കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ ശക്തമായി മുന്നോട്ട് വന്നിരിക്കുന്നത്. ആലപ്പുഴയിൽ എം.പിയായിരുന്നപ്പോൾ തീരദേശ ജില്ലയിൽ മാത്രമുണ്ടായിരുന്ന കെ.സി. ഗ്രൂപ്പ് ആണ് ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ ഐ ഗ്രൂപ്പിനോടായിരുന്നു കെ.സി. വേണുഗോപാലിന്റെ കൂറ്. സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായതിന് ശേഷമാണ് കെ.സി. വേണുഗോപാലിനെ പിന്തുയ്‌ണക്കുന്ന നേതാക്കളുടെ എണ്ണം കോൺഗ്രസിനകത്ത് ശക്തമായത്. നേരത്തെ ഐ ഗ്രൂപ്പിനോടൊപ്പമുണ്ടായിരുന്ന പല നേതാക്കളും ഇപ്പോൾ കെ.സി. വേണുഗോപാലിനോടൊപ്പമാണ്. അതിൽ ഡി.സി.സി അദ്ധ്യക്ഷൻമാരുമുണ്ട്.
നേതാക്കളുമായി ഉൗഷ്മള ബന്ധം
കെ.സി വേണുഗോപാൽ 1987ൽ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ ഉളള നേതാക്കളാണ് ഇപ്പോഴത്തെ നേതൃതലത്തിലുളളവരിൽ ഭൂരിപക്ഷം പേരും. അതുകൊണ്ട് തന്നെ ഇവരെല്ലാവരും പഴയ നേതാവുമായി മികച്ച ബന്ധമാണ് പുലർത്തുന്നത്. നല്ലൊരവസരത്തിൽ ഇവരിൽ പലരും തങ്ങളുടെ ഭാഗമാകുമെന്നും പുതിയ ഗ്രൂപ്പ് വിശ്വസിക്കുന്നു. സമവാക്യങ്ങൾ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെ.സി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്.
ഹൈക്കമാൻഡിലും സ്വാധീനം
ഹൈക്കമാൻഡിൽ ഉളള വേണുഗോപാലിന്റെ ശക്തമായ സ്വാധീനം കേരളത്തിൽ പുതിയ നേതാവിനെ സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം. എ.കെ ആന്റണിക്ക് ഒരു കാലത്ത് ഹൈക്കമാൻഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോൾ കെ.സി വേണുഗോപാലിനുളളത്. പെട്ടെന്നൊരു ദിവസം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി കരുണാകരനിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ചരിത്രവും ആന്റണിക്കുണ്ട്. അന്ന് എ.കെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. എന്നിട്ടും ആന്റണിക്ക് അതിന് സാധിച്ചത് ഹൈക്കമാൻഡിലുളള സ്വാധീനം കാരണമായിരുന്നു. അതു പോലൊരു ദിവസം മുഖ്യമന്ത്രിക്കസേരയിലേക്ക് കെ.സി. വേണുഗോപാൽ പറന്നിറങ്ങുന്ന ദിവസം അത്ര വിദൂരത്തിലല്ല എന്നാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവർ കരുതുന്നത്.
കേരളം വിട്ടൊരു ദേശീയതയില്ല
കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ഇപ്പോഴത്തെ അധികാര സമവാക്യങ്ങൾ അതിന് അനുകൂലമാണെന്നും കെ.സി വേണുഗോപാലിനോട് അടുപ്പമുളളവർ കരുതുന്നു. രാജസ്ഥാനിൽ നിന്നുളള രാജ്യസഭാംഗമാണ് ഇപ്പോൾ കെ.സി. വേണുഗോപാൽ. എങ്കിലും കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെ.സി. വേണുഗോപാൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും കെ.സി. വേണുഗോപാൽ കേരളത്തിൽ സജീവമാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |