SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

കേരളവർമ്മ കോളേജ് പ്രിൻസിപ്പലിന്റെ രാജി സ്വീകരിച്ചു; വൈസ് പ്രിൻസിപ്പലിന് ചുമതല

Increase Font Size Decrease Font Size Print Page

kerala-varma

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയും തൃശൂർ കോർപറേഷൻ മുൻ മേയറുമായ ഡോ. ആർ. ബിന്ദുവിനെ ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പലാക്കിയതിനെ തുടർന്ന് രാജിവച്ച പ്രിൻസിപ്പൽ ജയദേവന്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. ചട്ടം മറികടന്ന് പ്രത്യേകം തസ്തിക സൃഷ്ടിച്ച് ബിന്ദുവിനെ നിയമിക്കുകയും പകുതിയിലേറെ ചുമതലകൾ വൈസ് പ്രിൻസിപ്പലിന് നൽകിയതിലും പ്രതിഷേധിച്ചാണ് ജയദേവൻ രാജിവച്ചത്.

ഏഴ് വർഷം കൂടി കാലാവധി ബാക്കിയുളളപ്പോഴാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴി‍ഞ്ഞത്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിൻസിപ്പലിനെ നിയമിച്ചതെന്നും രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നും ദേവസ്വം ബോർഡിനയച്ച കത്തിൽ ജയദേവൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.ജി.സി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പലിന്റെ നിയമനമെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ആർ. ബിന്ദുവിനെ കഴിഞ്ഞ 30നാണ് വൈസ് പ്രിൻസിപ്പലായി നിയമിച്ച് ഉത്തരവിറങ്ങിയത്. നിലവിലുളളതിന് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകളും നിർവഹിക്കണമെന്നാണ് ഉത്തരവ്.

അക്കാഡമിക്, വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും സംയുക്തമായി നിർവഹിക്കണം. കോളേജിൽ കിഫ്ബി, ഡെവലപ്‌മെന്റ് ഫോറം, പി.ടി.എ. എന്നിവയുടെ സഹായത്തോടെ നടപ്പിൽ വരുത്തുന്ന വികസന പ്രവർത്തനങ്ങളുടെയും എൻ.ഐ.ആർ.എഫ്, നാക് തുടങ്ങിയ അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെയും സ്വതന്ത്ര ചുമതലകൾ കൂടി വൈസ് പ്രിൻസിപ്പലിന് നൽകിയിരുന്നു.

TAGS: THRISSUR KERALA VARMA, BINDU, A VIJAYARAGHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY