തിരുവനന്തപുരം: ഇന്ത്യയിലെ രണ്ട് ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് മലയാളി ശാസ്ത്രജ്ഞർ നിയമിതരായേക്കും. ഐ.എസ്.ആർ.ഒ ചെയർമാനായി വി.എസ്.എസ്.സി ഡയറക്ടറും ആലപ്പുഴ തുറവൂർ സ്വദേശിയുമായ ഡോ. എസ്.സോമനാഥിനെയും പുതുതായി രൂപീകരിച്ച നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഒാതറൈസേഷൻ സെന്റർ ( ഇൻസ്പേസ്)ചെയർമാനായി പയ്യന്നൂർ സ്വദേശി പി.കുഞ്ഞികൃഷ്ണനെയുമാണ് പരിഗണിക്കുന്നത്.
നിയമനം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ മൂന്നംഗ കേന്ദ്ര കാബിനറ്റ് സമിതിയാണ്. അടുത്ത മാസം തീരുമാനമുണ്ടാകും.
ഐ.എസ്.ആർ.ഒ ചെയർമാനായി ഡോ.കെ.ശിവനെ 2018ൽ മൂന്ന് വർഷത്തേക്കാണ് നിയമിച്ചത്. കാലാവധി ജനുവരി 15ന് അവസാനിക്കും. 2017ൽ വിരമിച്ച കെ.ശിവന് ആദ്യം രണ്ടു വർഷത്തേക്കും പിന്നീട് ഒരു വർഷത്തേക്കും നീട്ടി നൽകി. വീണ്ടും ഒരു വർഷം കൂടി നീട്ടണമെന്ന നിർദ്ദേശമുണ്ടെങ്കിലും പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നതിനാൽ അംഗീകരിച്ചേക്കില്ല.
മാത്രമല്ല, 2019 ഡിസംബറിൽ എസ്.സോമനാഥിന് ലെവൽ 17ലേക്ക് പ്രൊമോഷൻ നൽകിയിരുന്നു. ലെവൽ 17ൽ കെ.ശിവനും സോമനാഥും മാത്രമാണുള്ളത്. സോമനാഥ് 2023 ജൂലായിലാണ് വിരമിക്കുക. ഒരു വർഷം നീട്ടി മൂന്ന് വർഷത്തേക്ക് ചെയർമാനാക്കാനാണ് ആലോചന.
കെ.ശിവൻ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഒാഫീസുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇൻസ്പേസ് ചെയർമാനായി പി.കുഞ്ഞികൃഷ്ണനെ നിർദ്ദേശിച്ചത്.
ജൂണിൽ സ്ഥാപിതമായ ഇൻസ്പേസിന് നിലവിൽ മേധാവി ഇല്ല. പ്രധാനമന്ത്രി, സ്പേസ് മന്ത്രാലയം സഹമന്ത്രി ജിതേന്ദ്രസിംഗ്, ഡോ. ശിവൻ എന്നിവരടങ്ങിയ ഡയറക്ടർ ബോർഡിനാണ് ചുമതല. ഭരണത്തിനായി അഡി.സെക്രട്ടറി, ഇന്റർനാഷണൽ കോ ഒാപ്പറേഷൻ ജോയിന്റ് സെക്രട്ടറി തസ്തികളിലേക്ക് ഉടൻ നിയമനം നടത്തും. ജനുവരിയിൽ ചെയർമാനെയും നിയമിക്കും.
സോമനാഥ്
കൊല്ലം ടി.കെ.എം.എൻജിനറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം. 1985ൽ ഐ.എസ്.ആർ.ഒയിൽ. ബംഗളൂരു ഐ.ഐ.എസിൽ നിന്നു ഏറോസ്‌പേസ് എൻജിനീയറിംഗിൽ പി.ജിയും ഡോക്ടറേറ്റും. പി.എസ്.എൽ.വി, ജി.എസ്. എൽ.വി റോക്കറ്റുകളുടെ വികസനം, ഡിജിറ്റൽ നിയന്ത്രണം, പ്രൊപ്പല്ലന്റ് വികസനം എന്നിവയിൽ രാജ്യത്തെ ഏറ്റവും പ്രമുഖനായ ശാസ്ത്രജ്ഞനാണ്. സ്പേസ് ടീം മാനേജ്മെന്റിൽ നിരവധി പ്രബന്ധങ്ങൾ.ഭാര്യ ജി.എസ്. ടി.വകുപ്പിൽ ഉദ്യോഗസ്ഥയായ വത്സലാകുമാരി, മക്കൾ എൻജിനിയറിംഗ് വിദ്യാർത്ഥികളായ മാലിക, മാധവ്.
കുഞ്ഞികൃഷ്ണൻ
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിരുദം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഡയറക്ടറായിരുന്നു. നിലവിൽ യു.ആർ.റാവു സ്പേസ് സെന്റർ ഡയറക്ടർ. റോക്കറ്റ് വിക്ഷേപണ പരിചയമാണ് പുതിയ പദവിയിലേക്ക് പരിഗണിക്കാൻ കാരണം. ലെവൽ 16 റാങ്കിലുള്ള ശാസ്ത്രജ്ഞനാണ്. അടുത്ത ജൂണിൽ വിരമിക്കും. ഭാര്യ ഗിരിജ വി.എസ്.എസ്. സി.യിൽ ശാസ്ത്രജ്ഞയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |