കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി ബി. പ്രദീപ് കുമാർ തീർത്ഥാടനത്തിനാണ് താൻ കാസർകോട് എത്തിയതെന്ന് പൊലീസിന് മൊഴി നൽകി.
കർണ്ണാടകയിലെ ഉള്ളാൽ പള്ളിയിൽ പോയി, തൃക്കണ്ണാട് അമ്പലത്തിൽ എത്തി, പോകുന്നതിനിടെ ദിലീപിന്റെ സിനിമ പോസ്റ്റർ കണ്ടാണ് കാസർകോട് ഇറങ്ങിയത്. സമയം നോക്കാൻ വാച്ചില്ലായിരുന്നു. കടയിൽ കയറി വാച്ച് വാങ്ങി. കടയിൽ ആരുണ്ടെന്ന് നോക്കിയില്ല എന്നാണ് പ്രദീപ് കുമാറിന്റെ മൊഴി. ഇതേ തുടർന്ന് കേസിൽ തുടരന്വേഷണവും തെളിവെടുപ്പും വഴിമുട്ടി. നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീർന്നതിനാൽ പ്രദീപ് കുമാറിനെ ഞായറാഴ്ച ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും സിംകാർഡും കണ്ടെത്താനാകാത്തതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. ഇവ കണ്ടെത്തിയാലേ ശക്തമായ തെളിവ് ശേഖരണം സാധ്യമാകുകയുള്ളൂ. സിംകാർഡ് ട്രെയിനിൽ കളഞ്ഞുപോയെന്നാണ് പ്രദീപ് കോട്ടാത്തല പൊലീസിന് മൊഴി നൽകിയത്. പത്തനാപുരത്ത് സിംകാർഡ് ഉപേക്ഷിച്ചിട്ടില്ലെന്നും പ്രദീപ് വെളിപ്പെടുത്തി.
ഇതോടെ തെളിവെടുപ്പിനായി പ്രദീപിനെ പത്തനാപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചു. സിംകാർഡ് ട്രെയിനിൽ ഉപേക്ഷിച്ചെന്ന പ്രദീപിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
2020 ജനുവരി 28നാണ് നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് ഫോൺ കാൾ വന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ കോൾ വന്ന സിംകാർഡ് തിരുനെൽവേലി സ്വദേശിയുടേതാണെന്ന് കണ്ടെത്തി. പ്രദീപിന്റെ ജാമ്യാപേക്ഷ നവംബർ 30ന് കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |