തൃശൂർ: കേരളവർമ്മ കോളേജിലെ പ്രിൻസിപ്പലിന്റെ വിവാദമായ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. താത്കാലിക ചുമതല സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയും മുൻ മേയറുമായ പ്രൊഫ.എം. ബിന്ദുവിന് നൽകി. ഇംഗ്ലീഷ് വിഭാഗം മേധാവിയായ ബിന്ദുവിനെ തന്നോട് ആലോചിക്കാതെ വൈസ് പ്രിൻസിപ്പൽ ആക്കുകയും പ്രിൻസിപ്പലിന്റെ അധികാരങ്ങൾ പങ്കിട്ടു നൽകുകയും ചെയ്തതിൽ വിയോജിച്ചായിരുന്നു പ്രൊഫ. ജയദേവൻ രാജിക്കത്ത് നൽകിയത്. വിരമിക്കാൻ എഴു വർഷം ബാക്കിയുണ്ടായിരുന്നു.
വൈസ് പ്രിൻസിപ്പലായ ബിന്ദുവിന് പ്രിൻസിപ്പലിന്റെ താല്ക്കാലിക ചുമതലയായതിനാൽ പുതിയ വൈസ് പ്രിൻസിപ്പലിനെ നിയമിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.
രണ്ട് അധികാര കേന്ദ്രങ്ങൾ വരുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്ന് രാജിക്കത്തിൽ ജയദേവൻ പറഞ്ഞിരുന്നു.
വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും സംയുക്തമായി നിർവഹിക്കണമെന്നായിരുന്നു ഉത്തരവ്. കോളേജിൽ കിഫ്ബി, ഡെവലപ്‌മെന്റ് ഫോറം, പി.ടി.എ എന്നിവയുടെ സഹായത്തോടെ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെയും എൻ.ഐ.ആർ.എഫ്, നാക് തുടങ്ങിയ പ്രവർത്തനങ്ങളുടെയും സ്വതന്ത്രചുമതലയും വൈസ് പ്രിൻസിപ്പലിന് നൽകിയിരുന്നു. യു.ജി.സി മാനദണ്ഡം അനുസരിച്ചാണ് വൈസ് പ്രിൻസിപ്പൽ നിയമനമെന്നാണ് ബോർഡിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |