തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയത് യാദൃശ്ചികമായല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. റെയ്ഡിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയിലാണ് വിജിലൻസ് റെയ്ഡ് നടന്നതെന്നും, അപ്പോൾ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണല്ലോയെന്നും എംടി രമേശ് ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കെ.എസ്.എഫ്.ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ല.അതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. കെ.എസ്.എഫ്.ഇ ധന ഇടപാടുകൾ സംബന്ധിച്ച് വിജിലൻസിൽ പരാതിക്കാരൻ വടകരക്കാരനാണ്, ഈ വടകരക്കാരൻ കേരളത്തിലെ ഒരു വൻ വ്യവസായിയുടെ ബെനാമിയാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്, അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലൻസ് റെയ്ഡ് നടന്നത്. അപ്പോ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണല്ലോ ?
കെ.എസ്.എഫ്.ഇയിൽ റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്ന് ധനമന്ത്രി.റെയ്ഡ് നടത്തിയ വിജിലൻസ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലൻസ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ല,റെയ്ഡ് നടത്തിയവർക്ക് വട്ടാണെങ്കിൽ മൂത്തവട്ട് മുഖ്യമന്ത്രിക്കാണ്, സ്വന്തം മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്ന ഒരു മന്ത്രി, പിന്നെ മന്ത്രി സഭയ്ക്കെന്ത് കൂട്ടുത്തരവാദിത്വമാണുള്ളത്.
ധനമന്ത്രിയെന്തിനാണ് എല്ലാ അന്വേഷണങ്ങളെയും ഇങ്ങനെ ഭയപ്പെടുന്നത്.കെ.എസ്.എഫ്.ഇ ചിട്ടികളും സ്വർണ്ണപ്പണയവും ഉൾപ്പെടെ എല്ലാ ഇടപാടുകളും സമഗ്രമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. കള്ളപ്പണം വെളുപ്പിക്കലാണ് കെ.എസ്.എഫ്.ഇയിൽ നടക്കുന്നത്. കോഴിയെ കട്ടവൻ്റെ തലയിൽ പൂടയെന്ന് ആരോ പറഞ്ഞപ്പോൾ ധനമന്ത്രി സ്വന്തം തല തപ്പി നോക്കുന്നതെന്തിനാണ്, ഏതായാലും വട്ട് ധനമന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് മാത്രമാണ് സി.പി.എമ്മിലെ പ്രശ്നം, കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തമാണ്, ഇതിനിടയിൽ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആരാണെന്ന് ജനങ്ങൾക്കറിയണം, അതിന് ശക്തമായ അന്വേഷണം നടക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |