ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതി തന്നാൽ മതിയെന്നും കേന്ദ്ര സർക്കാർ എന്ത് ചെയ്യുമെന്ന് അപ്പോൾ കാണാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിൽ വച്ച് നടന്ന ഒരു വാർത്താസമ്മേളനത്തിൽ തനിക്കെതിരെയുള്ള എ.ഐ.എം.ഐ.എം നേതാവ അസാസുദീൻ ഒവൈസിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അമിത് ഷാ. ഇന്ത്യയിൽ നിയമവിരുദ്ധമായി അഭയാർത്ഥികൾ പാർക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല എന്ന് നേരത്തെ ഒവൈസി കുറ്റപ്പെടുത്തിയിരുന്നു.
'ഇക്കാര്യത്തിൽ ഞാൻ നടപടി സ്വീകരിക്കുമ്പോൾ ഉടനെ അവർ പാർലമെന്റിൽ ബഹളം വയ്ക്കാൻ തുടങ്ങും. എത്ര ഉറക്കെയാണ് അയാൾ കരയുന്നതെന്ന് നിങ്ങൾ കണ്ടിട്ടില്ലേ? റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും പുറത്താക്കണമെന്നത് എഴുതി തരാൻ അവരോട് പറയൂ. ഞാൻ അത് ചെയ്യാം. തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രം അതേക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ഇക്കാര്യം പാർലമെന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഇരുകൂട്ടരുടെയും പക്ഷം ചേരുന്നത് ആരാണ്? ജനങ്ങൾ അത് തത്സമയം ടിവിയിൽ കണ്ടതാണ്.' അമിത് ഷാ പറഞ്ഞു.
ഹൈദരാബാദിനെ 'നിസാം സംസ്കാര'ത്തിൽ നിന്നും മുക്തമാക്കുമെന്നും ഷാ പറഞ്ഞിരുന്നു. എന്നാൽ തന്റെ ജോലി ചെയ്യാന്‍ ഒരു എം പിയുടെ സഹായം ചോദിക്കുന്ന ആദ്യ മന്ത്രിയാണ് അമിത് ഷാ എന്നാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്. ഇത്തരം സാങ്കല്‍പ്പിക കുടിയേറ്റക്കാരെ അമിത് ഷായുടെ പാര്‍ട്ടിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടന്നുകയറ്റക്കാരെന്നത് അമിത് ഷായുടെ ബാലിശമായ സങ്കല്‍പ്പത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 30,000 മുതൽ 40,000 റോഹിങ്ക്യകളെങ്കിലും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതില്‍ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണമെന്നും ഒവൈസിമുൻപ് വെല്ലുവിളിച്ചിരുന്നു.