പത്തനംതിട്ട: വയസ് 112. ഒരു പക്ഷെ, ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വനിത ആയിരിക്കാം ഏനാത്ത് കീരത്തിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ. കാഴ്ചയ്ക്കും ഒാർമ്മയ്ക്കും മങ്ങൽ ഏറ്റിട്ടുണ്ടെങ്കിലും ഇത്തവണയും വോട്ടിടുമോ എന്നു ചോദിച്ചാൽ മുഖം ഉയർത്തി തലയൊന്നു കുലുക്കും. ഏനാത്ത് യു.പി.എസിലെ പോളിംഗ് ബൂത്തിൽ ഇത്തവണയും ലക്ഷ്മിക്കുട്ടിയമ്മ എത്തും. ഇന്ദിരാഗാന്ധിയുടെയും കെ. കരുണാകരന്റെയും കടുത്ത ആരാധികയാണ്. 1960കളിൽ അടൂരിൽ എത്തിയ ഇന്ദിരാഗാന്ധിയെ കാണാൻ ഏനാത്തെ വീട്ടിൽ നിന്ന് നടന്ന് പോയിട്ടുണ്ട്.
എത്ര തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം രാഷ്ട്രീയം പറയുന്ന ലക്ഷ്മിക്കുട്ടിയമ്മ പത്ത് വർഷം മുൻപ് വരെയും പരസഹായമില്ലാതെയാണ് പോളിംഗ് ബൂത്തിലെത്തിയിരുന്നത്. വലിയ ആവേശത്തോടെയാണ് അമ്മ വോട്ടു ചെയ്യാൻ പോയിരുന്നതെന്ന് മൂന്നാമത്തെ മകനും ഇന്ത്യൻ കശുവണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദിവാകരൻ പിള്ള പറഞ്ഞു.
വാശിയും കുറുമ്പും ഒക്കെയുള്ള ഇൗ വലിയ മുത്തശ്ശി അയൽക്കാരോടും അടുപ്പമുള്ളവരോടുമെല്ലാം രാഷ്ട്രീയം പറയുമായിരുന്നു. ഏനാത്ത് സ്കൂളിൽ അന്നത്തെ മൂന്നാം ക്ളാസ് വരെ പഠിച്ചിട്ടുള്ള ലക്ഷ്മിക്കുട്ടിയമ്മ അടുത്തകാലം വരെയും പത്രങ്ങൾ വായിക്കുമായിരുന്നു. 100ാം വയസിൽ ഒരു കണ്ണിന് കാഴ്ച കുറഞ്ഞപ്പോൾ ശസ്ത്രക്രിയ നടത്തി. പ്രായത്തിന്റേതായ അവശതകളുണ്ടെങ്കിലും ആ ശരീരത്തിൽ മറ്റുരോഗങ്ങൾ പ്രവേശിച്ചിട്ടില്ല.
പ്രായം സംബന്ധിച്ച് കൃത്യമായ രേഖകൾ ഇല്ല. ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞതാണ് വയസ്. 107ാം വയസിലാണ് ആധാർ കാർഡ് എടുത്തത്. ഒന്നര വർഷമായി വാർദ്ധക്യ കാല പെൻഷൻ വാങ്ങുന്നു. മക്കളും കൊച്ചുമക്കളുടെ മക്കളും അടങ്ങുന്നതാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |