റൊമാനിയ: അമേരിക്കയിലെ ഉട്ട മരുഭൂമിയിൽ നിന്ന് ആഴ്ചകൾക്കു മുൻപ് കാണാതായ ലോഹത്തൂൺ റൊമാനിയയിൽ കണ്ടെത്തി. ബാറ്റ് കാസ് ഡോംനയിലെ കുന്നിൽ മുകളിലാണ് ലോഹത്തിൽ തീർത്ത ഒറ്റത്തൂൺ കണ്ടെത്തിയത്. എന്നാൽ, 24 മണിക്കൂറിനുള്ളിൽ ആ തൂണും അപ്രത്യക്ഷമായ വാർത്തയാണ് പുറത്തുവരുന്നത്. ലോഹത്തൂണിന്റെ വാർത്തയും ചിത്രങ്ങളും അതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൂണിന്റെ മഹത്വം തിരിച്ചറിയാൻ കഴിയാത്ത ആരോ അത് നീക്കം ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നടി ഉയരമുള്ള തൂൺ നിലത്ത് കുഴിയെടുത്ത് ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ഏത് ലോഹം ഉപയോഗിച്ചാണ് തൂൺ നിർമ്മിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബർ 18നാണ് ഉട്ട മരുഭൂമിയിൽ ലോഹത്തൂൺ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്. മരുഭൂമിയിൽ മൃഗങ്ങളുടെ സർവേയെടുക്കുന്ന ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്തുവിട്ടത്. സ്ഥലം എവിടെയാണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ലെങ്കിലും 48 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, നാലാമത്തെ ദിവസം ലോഹത്തൂൺ കാണാതായി.
തൂണിരുന്ന സ്ഥലത്ത് ത്രികോണ മാതൃകയിൽ ഒരു കുഴി മാത്രമാണ് അവശേഷിച്ചത്.തൂണിന്റെയും അത് കാണാതായതിന്റെയും രഹസ്യങ്ങൾ തേടുന്നതിനിടെയാണ് മൈലുകൾക്കിപ്പുറം റൊമാനിയയിൽ ലോഹത്തൂൺ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്. ഹെലികോപ്ടറിൽ കുന്നിലെ ആടുകളെ നിരീക്ഷിക്കാൻ ഇറങ്ങിയവരാണ് ഒറ്റത്തൂൺ ആദ്യമായി കണ്ടത്. ഉട്ടയിലേതിനെക്കാൾ തിളക്കമുള്ളതും ചുവരെഴുത്തുള്ളതുമായ തൂണായിരുന്നു റൊമാനിയയിലെന്നാണ് നിരീക്ഷകർ പറയുന്നത്. സംഭവത്തിനു പിന്നിൽ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം പറയുന്നവരും കുറവല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |