തിരുവനന്തപുരം: പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കിയ ആത്മവിശ്വാസത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് കേസരി ഹാളിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഈസി വാക്കോവർ തടയാൻ യു.ഡി.എഫും ബി.ജെ.പിയും ഇല്ലാക്കഥകളുടെ പ്രളയവാഹകരാകുകയാണ്.
സംതൃപ്തി നിറഞ്ഞ സാമൂഹിക അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് പ്രതിസന്ധി കാലത്ത് ഒരു കുടുംബങ്ങളും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാരിനായി. ഇതെല്ലാം പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുകയാണ്. അധികാരത്തിലെത്തിയില്ലെങ്കിൽ നാമാവശേഷമാകും എന്ന ഭയത്തിന്റെ നിഴലിലാണ് യു.ഡി.എഫ്. കേരളത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ പിന്നിൽ ബി.ജെ.പിയാണെന്നത് പകൽ പോലെ വ്യക്തമാണ്. എൻ.ഡി.എ അല്ലാതെ സർക്കാരുകൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ വേട്ട കേന്ദ്രസർക്കാർ തുടരുകയാണ്. ഇതിന് ഏറ്റവും കൂടുതൽ ഇരയായതും കോൺഗ്രസാണ്. എന്നാലും അധികാര രാഷ്ട്രീയത്തിനായി ആരുമായും യോജിക്കാം എന്ന രീതിയിൽ നീങ്ങുകയാണ് കോൺഗ്രസ്. കള്ളപ്രചാരവേലകളൊന്നും ജനങ്ങളെ സ്വാധീനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |