ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5ന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നു.ഹിമാചൽ പ്രദേശിലെ കസൗഹലിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിന് ശേഷം പരീക്ഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡോ. റെഡ്ഡി ലബോറട്ടറീസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം നടക്കുന്നത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് (ആര്‍ഡിഐഎഫ്) റെഡ്ഡി ലാബിന് വാക്‌സിന്‍ എത്തിച്ചു നല്‍കുന്നത്.ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാമത്തെ ഇടക്കാല വിശകലന റിപ്പോർട്ട് ആർഡിഎഫ് പ്രഖ്യാപിച്ചു. തൊണ്ണൂറ് ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്നാണ് പരീക്ഷണങ്ങളിൽ നിന്നെത്തിയ നിഗമനമെന്നാണ് റിപ്പോർട്ട്.
സ്പുട്‌നിക് 5 ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിൽ 40,000 വോളന്റിയർമാരാണ് പങ്കെടുക്കുന്നത്. അതിൽ 22,000 ത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിനേഷനും, 19,000 ത്തിൽ അധികം പേർക്ക് വാക്‌സിന്റെ രണ്ട് ഡോസുകളും നൽകിയിട്ടുണ്ട്.
അതേസമയം സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ പരീക്ഷണങ്ങൾ തുടർന്നേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശി തനിക്ക് പരീക്ഷണ ശേഷമുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സെറത്തിനെതിരെ അഞ്ച് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടർന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും, ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്‌സ് കമ്മിറ്റിയും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഡി.സി.ജി.ഐ ആവശ്യപ്പെട്ട പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകൾ നൽകിയതായും അതിന് ശേഷമാണ് പരീക്ഷണങ്ങൾ തുടരാൻ ഡി.സി.ജി.ഐ അനുവദിച്ചതെന്നും സെറം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |