തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷകളെക്കുറിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജി സംസാരിക്കുന്നു.
? യു.ഡി.എഫിന്റെ പ്രതീക്ഷകൾ
ജില്ല എന്നും യു.ഡി.എഫിനൊപ്പമാണ്. ജില്ലാ പഞ്ചായത്ത് 20 വർഷം ഭരിച്ചു. ജില്ലയുടെ വികസനത്തിന് അടിത്തറയിട്ടത് യു.ഡി.എഫാണ്. പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ, സമ്മതിദായകരോട് ഉത്തരവാദിത്വം, സമ്പൂർണ ഗ്രാമസ്വരാജ് എന്നതാണ് യു.ഡി.എഫിന്റെ മുദ്രാവാക്യം. എൽ.ഡി.എഫ് സർക്കാരിന്റെ സമ്പൂർണ പരാജയം ജനങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒാഖി, നിപ്പ, പ്രളയം, കൊവിഡ് എന്നീ ദുരന്തങ്ങളിൽ സർക്കാരിന്റെ നിഷ്ക്രയത്വവും പരാജയവും ജനങ്ങൾ കണ്ടു. ഗ്രാമീണ ജീവിതം തകർന്നു. നഗരങ്ങളിൽ വ്യാപര സ്തംഭനം നേരിടുകയാണ്. നാടിനെ കരകയറ്റാൻ ഒരു പദ്ധതിയും നടപ്പാക്കാതെ സ്വർണക്കൊള്ളയും അഴിമതിയും നടത്തുന്ന എൽ.ഡി.എഫിനെ ജനങ്ങൾ പാഠം പഠിപ്പിക്കും.
? വെല്ലുവിളികൾ
ഒരു വെല്ലുവിളിയുമില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിണറായിയുടെ പേരും സർക്കാരിന്റെ പ്രവർത്തനങ്ങളും പറഞ്ഞ് വോട്ടു തേടാൻ കഴിയുന്നില്ല. അവർ മത്സരം വ്യക്തിപരമാക്കുകയാണ്. രാഷ്ട്രീയം പൊതുചർച്ചയാക്കിയാൽ വോട്ട് കിട്ടില്ല. സ്ഥാനാർത്ഥിയെ മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചാരണം അവർക്ക് തന്നെ തിരിച്ചടിയാകും. യു.ഡി.എഫ് - എൽ.ഡി.എഫ് എന്നതാണ് ഞങ്ങളുടെ പ്രചരണം.
? എൽ.ഡി.എഫിന് ഗ്രാമപഞ്ചായത്തുകളിൽ മേൽക്കൈയുണ്ട്. ബ്ളോക്കുകളിലും നഗരസഭകളിലും ഒപ്പത്തിനൊപ്പം. അഞ്ച് എം.എൽ.എമാരും എൽ.ഡി.എഫിന്റേത്. ജില്ല ചുവക്കുകയല്ലേ.
ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് അധികാരത്തിൽ വരും. പാർട്ടിയിലെ ചില പ്രശ്നങ്ങൾ കാരണമായിരുന്നു ചിലയിടങ്ങളിൽ ഭരണം നഷ്ടപ്പെട്ടത്. എൽ.ഡി.എഫിന്റെ പ്രവർത്തന നേട്ടം കൊണ്ടല്ല. കോൺഗ്രസിലും മറ്റ് ഘടകകക്ഷികളിലും ഇപ്പോൾ പ്രശ്നങ്ങളില്ല. ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിറുത്തും. ഭൂരിഭാഗം ബ്ലോക്കുകളിലും എല്ലാ നഗരസഭകളിലും ഭരണം പിടിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റുകളും നേടും.
? കോൺഗ്രസിലെ റിബൽ ശല്യം തിരിച്ചടിയാകുമോ.
റിബലുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. പിണക്കവും ബഹളവും ഒരു കുടുംബത്തിലുള്ളതുപോലെയുണ്ടായേക്കും. പക്ഷേ, മത്സരം മുറുകുമ്പോൾ എല്ലാം മറന്ന് ഒറ്റക്കെട്ടാകും.
? ജോസ് വിഭാഗം മുന്നണി വിട്ടു പോയത് എങ്ങനെ ബാധിക്കും.
ഒരു തരത്തിലും ദോഷമുണ്ടാക്കില്ല. കേരളകോൺഗ്രസിലെ പ്രമുഖ നേതാക്കളും പ്രവർത്തകരുമെല്ലാം ജോസഫ് വിഭാഗത്തിലാണ്. ജോസിനൊപ്പം പോയവരും മടങ്ങിവരുന്നുണ്ട്.
? എൻ.ഡി.എയുടെ ഭീഷണി
അവർ എൽ.ഡി.എഫുമായി ധാരണയിലാണ്. അത് ജനങ്ങൾ തിരിച്ചറിയും. ഞങ്ങൾക്ക് ഭീഷണിയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |