SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഡി.ജി.പിയുടെ കാമറാ പദ്ധതി നടപ്പാവില്ല

Increase Font Size Decrease Font Size Print Page
behara

തിരുവനന്തപുരം: പൊലീസ് നിരീക്ഷണത്തിന്റെ പേരിൽ ഒരു സ്വകാര്യ കമ്പനിയുടെ കാമറകൾ സ്ഥാപിച്ച് അവർക്ക് കൊള്ളലാഭം കൊയ്യാനുള്ള പദ്ധതി വളഞ്ഞവഴിയിലൂടെ സഹകരണ സ്ഥാപനങ്ങളിലും സഹ. സംഘങ്ങളിലും നടപ്പാക്കാനുള്ള ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ ശ്രമം വിജയിക്കില്ല.

വീടുകളിലും ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കാമറകൾ സ്ഥാപിക്കാനായിരുന്നു "സിംസ് " എന്ന പദ്ധതി കൊണ്ടുവന്നത്.

തലസ്ഥാനത്തെ ഗാലക്‌സോൺ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനിയെയാണ് ഏല്പിച്ചത്.

അതീവ സുരക്ഷ പാലിക്കേണ്ട പൊലീസ് ആസ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നിരീക്ഷിക്കുന്ന പദ്ധതിയിലെ ക്രമക്കേടുകൾ സി.എ.ജിയാണ് കണ്ടെത്തിയത്.

നിയമസഭയിലടക്കം വൻവിവാദമായതോടെ പദ്ധതി സർക്കാർ നിറുത്തിവച്ചു. കമ്പനി വാങ്ങിക്കൂട്ടിയ 15കോടിയുടെ കാമറകൾ വിറ്റഴിക്കാനാണ് പുതിയ നീക്കമെന്ന് ആക്ഷേപം ഉയർന്നു.

ആഭ്യന്തര, സഹകരണ സെക്രട്ടറിമാരെ അറിയിക്കാതെ, സഹകരണ രജിസ്ട്രാറായ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.നരസിംഹുഗരി റെഡ്ഢിക്കാണ് കാമറ സ്ഥാപിക്കാൻ ബെഹ്റ ഒക്ടോബർ 9ന് കത്ത് നൽകിയത്. രജിസ്ട്രാർ കത്ത് സഹ. വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടില്ല. സഹ.രജിസ്ട്രാർ തിരഞ്ഞെടുപ്പ് നിരീക്ഷകനായി കാസർകോട്ടേക്ക് പോയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിനും അറിവില്ല. ഇതോടെ കത്തിൽ നടപടിയുണ്ടാവില്ലെന്ന് ഉറപ്പായി.

ഇത്തരം നടപടികൾ ആഭ്യന്തര, സഹകരണ സെക്രട്ടറിമാർ വഴിയാണ് നടപ്പാക്കേണ്ടത്. സർക്കാർ ഉത്തരവും വേണം.

കെൽട്രോൺ ആവശ്യപ്പെട്ടതു പ്രകാരമാണ് കത്തയച്ചതെന്നാണ് ഡി.ജി.പിയുടെ വിശദീകരണം. കൊവിഡ് കാലത്ത് പൊലീസിന് എല്ലാ സ്ഥാപനങ്ങളുടെയും നിരീക്ഷണം സാധ്യമല്ല. സഹ.സ്ഥാപനങ്ങളുടെ സുരക്ഷ മുൻനിറുത്തിയാണ് കത്തയച്ചതെന്നും പൊലീസിന് വരുമാനമുണ്ടാകുമെന്നും ഡി.ജി.പി വിശദീകരിക്കുന്നു.

77 % ലാഭം സ്വകാര്യകമ്പനിക്ക്

പൊലീസിന് വരുമാനമുണ്ടാവുമെന്ന വാദം പൂർണമായി ശരിയല്ല. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പണം വാങ്ങി 24 മണിക്കൂർ നിരീക്ഷണമൊരുക്കുന്നതാണ് സിംസ് പദ്ധതി. 77 ശതമാനം ലാഭവിഹിതം ഗാലക്‌സോൺ കമ്പനിക്കാണ്. 13 ശതമാനം കെൽട്രോണിന്, 10 ശതമാനം സർക്കാരിന് എന്നാണ് വ്യവസ്ഥ. നിലവിൽ 12 സ്ഥാപനങ്ങൾ മാത്രമാണ് പദ്ധതിയുടെ ഭാഗമായത്.

TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY