തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് തെക്കൻ കേരളത്തിലേക്ക് കടക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിറുത്തിവയ്‌ക്കാനാണ് തീരുമാനം. എയർപോർട്ട് പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എയർപോർട്ട് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുറേവി ചുഴലിക്കാറ്റ് കേരള തീരത്തേക്കെത്തുമ്പോൾ ശക്തി കുറഞ്ഞ് അതിതീവ്ര നൂനമർദ്ദമാകുമെങ്കിലും
തെക്കൻ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.നിലവിൽ ബുറേവി കേരളത്തിന് വലിയ നാശനഷ്‌ടം വിതയ്‌ക്കാൻ സാദ്ധ്യതയില്ലെങ്കിലും കാറ്റ് കടന്നു പോകുന്നത് വരെ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലൂടെ കടന്ന് പോകുമ്പോൾ 60 മുതൽ 70 കിലോമീറ്റർ വരെയാകും കാറ്റിന്റെ വേഗതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്കയിൽ പ്രവേശിച്ച കാറ്റ് അവിടെ കാര്യമായ നാശമുണ്ടാക്കാതെയാണ് തമിഴ്നാട് തീരത്തേക്ക് നീങ്ങിയത്. തമിഴ്നാട് തീരത്തെത്തി കേരളത്തിലേക്ക് കടക്കുമ്പോൾ കാറ്റിന്റെ തീവ്രത ഇനിയും കുറയുമെന്നാണ് അധികൃതർ കരുതുന്നത്.
ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിൽ ശക്തമായ മഴപെയ്യുമെന്നും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. ഇവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |