തിരുവനന്തപുരം: ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് അയാൾ കുറ്റവാളിയാകുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വിജയരാഘവന്റെ മറുപടി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഏത് ആളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. അതിനെ മറ്റു തരത്തിൽ സി പി എം കാണുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
പിണറായി വിജയനെതിരായ ബിജു രമേശിന്റെ പ്രസ്‌താവനയെ കുറിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രിയെ വില കുറച്ചു കാണിക്കാനുളള ചോദ്യത്തോട് പ്രതികരിക്കാനില്ല എന്നായിരുന്നു എ വിജയരാഘവന്റെ മറുപടി. ബിജു രമേശിന്റെ എല്ലാ വെളിപ്പെടുത്തലും അന്വേഷിക്കാനാവില്ല. മൂർത്തമായ ആരോപണങ്ങളിൽ മാത്രമേ അന്വേഷണം സാദ്ധ്യമാകൂ. കെ ബി ഗണേശ് കുമാർ ഇടതുപക്ഷത്തെ മികച്ച എം എൽ എയാണ്. മറ്റ് കാര്യങ്ങളെ കുറിച്ച് അറിയില്ല. അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
വികസനവും അപവാദവും തമ്മിലുളള ഏറ്റുമുട്ടലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നടക്കുന്നത്. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കാനാണ് യു ഡി എഫിന്റെ ശ്രമം. കെ എസ് എഫ് ഇ റെയ്ഡ് വിവാദം അടഞ്ഞ അദ്ധ്യായമാണ്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും പാർട്ടിയും മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |