കാസർകോട്: പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ കർണാടകക്കാരുടെ കനിവ് വേണ്ട അവസ്ഥയിൽ തങ്ങളെ ഗൗനിക്കാത്തവർക്ക് ഇക്കുറി വോട്ട് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് കാസർകോട് ദേലമ്പാടി പഞ്ചായത്തിലെ 15,16 വാർഡുകളിലായുള്ള നാനൂറോളം കുടുംബങ്ങൾ. തീരുമാനത്തിൽ ഉറച്ചുനിന്നാൽ ആയിരത്തോളം വോട്ടർമാരായിരിക്കും ജനാധിപത്യപരമായ അവകാശത്തോട് മുഖം തിരിക്കുന്നത്.
ഇതുവരെ ഭരിച്ചവരെല്ലാം തങ്ങളുടെ ഗ്രാമത്തെ അവഗണിച്ചുവെന്നാണ് നൂയിംവീട്, അഡ്ഡന്തടുക്ക, കൊമ്പോട് ഗ്രാമങ്ങളിൽ കഴിയുന്നവരുടെ ആരോപണം. നിലവിൽ കർണാടകയിലെ പള്ളത്തൂർ വഴിയാണ് ഇവിടത്തുകാർ നൂജിബെട്ടുവിലേക്ക് എത്തുന്നത്. കേരള വനത്തിലൂടെ ബ്രിട്ടീഷ് കാലത്തെ റോഡുണ്ടെങ്കിലും യാത്ര ചെയ്യാനാകില്ല. ഈ റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നൂജിബെട്ടുവിൽ എത്താൻ നാട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നത് എരിക്കടവ് പാലത്തെയാണ്. ലോക്ക് ഡൗണിൽ കർണാടകം മണ്ണിട്ട് അടച്ച് യാത്ര തടസ്സപ്പെടുത്തിയ
തോടെ ഈ ഗ്രാമങ്ങൾ തീർത്തും ഒറ്റപ്പെട്ടപ്പോഴും ജനപ്രതിനിധികൾ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ആവശ്യങ്ങൾ ഒട്ടേറെ
2003 ൽ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേലംപാടി പഞ്ചായത്ത് നൂജിബെട്ടുവിൽ പണിത അങ്കണവാടി കെട്ടിടം ഇപ്പോൾ അപകടത്തിലാണ്. കുഴൽക്കിണർ ഉപയോഗിക്കാൻ പറ്റാത്തവിധം നശിച്ചിരിക്കുന്നു. വൈദ്യുതിയും ലഭിച്ചില്ല. വനത്തോട് ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ കാട്ടാനയുടെയും മറ്റു വന്യ മൃഗങ്ങളുടെയും ശല്യവും കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |