കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് മുക്കിൽ കഴിഞ്ഞ ദിവസം നവവരനു നേരെ വധുവിന്റെ ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിലെ പ്രതികളിൽ ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയവരുമുണ്ടെന്ന് വ്യക്തമായി. എട്ടംഗ സംഘത്തിലെ മുഴുവൻ പേരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
ദമ്പതികളുടെ വാഹനം തടഞ്ഞാണ് ഗുണ്ടാ സംഘം വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി അക്രമത്തിനു മുതിർന്നത്. നാട്ടുകാർ ഓടിക്കൂടിയതിനൊപ്പം അവിചാരിതമായി അതുവഴിയെത്തിയ പൊലീസ് വാഹനം കൂടി കണ്ടതോടെ സംഘം ഓടി മറയുകയായിരുന്നു.
കാവുംവട്ടത്തെ മുഹമ്മദ് സ്വാലിഹിനു നേരെയായിരുന്നു ആക്രമണം. അക്രമികളുടെ പിടിയിൽ നിന്ന് ഒരു വിധത്തിൽ കുതറിമാറിയ യുവാവ് വധുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരിന്നു. സംഘം ഇവർ വന്ന വാഹനം അടിച്ച് തകർത്തു.
കീഴരിയൂരിലെ പെൺകുട്ടിയെ ആറു മാസം മുമ്പ് സ്വാലിഹ് രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ അമ്മാവന്മാർ പിറ്റേന്ന് യുവാവിനെ വളഞ്ഞുവെച്ച് മർദ്ദിച്ചു. പിന്നീട് പള്ളിക്കമ്മിറ്റി മുൻകൈയെടുത്ത് നിക്കാഹ് നടത്താൻ തീരുമാനിച്ചതനുസരിച്ച് നവദമ്പതികൾ
കഴിഞ്ഞ ദിവസം കീഴരിയൂരിലെ പള്ളിയിലേക്ക് വരുന്നതിനിടെയാണ് ഗുണ്ടാസംഘം വാഹനം തടഞ്ഞു യുവാവിനെ ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |