മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സാമ്പാറുംകൂട്ടി നല്ലൊരു സദ്യയുണ്ട സന്തോഷത്തിലായിരുന്നു മലപ്പുറത്തെ എൽ.ഡി.എഫ്. ഇലയിട്ടിരുന്നത് മാത്രം മിച്ചമായെന്ന നിരാശയിലായിരുന്നു യു.ഡി.എഫ്. കോൺഗ്രസും ഇടതുപാർട്ടികളും വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയുമടക്കം വിവിധ ധ്രുവങ്ങളിലുള്ളവർ സാമ്പാർ മുന്നണിയായി ഒന്നിച്ചപ്പോൾ മലപ്പുറത്തിന്റെ ചരിത്രത്തിലാദ്യമായി 37 പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് നഷ്ടമായി.
മുസ്ലിംലീഗിന്റെ വല്യേട്ടൻ കളിയും സീറ്റ് വിഭജനത്തിലെ തർക്കവും പലയിടങ്ങളിലും കോൺഗ്രസിനെ സാമ്പാർ മുന്നണിയിലെത്തിച്ചു. അവസരം നന്നായി വിനിയോഗിച്ച സി.പി.എം മലപ്പുറത്തിന്റെ ചരിത്രത്തിലാദ്യമായി ഇരുപതിൽ കൂടുതൽ പഞ്ചായത്തുകൾ ഭരിച്ചു. എന്നാൽ ആ സാമ്പാർ മുന്നണി ഇത്തവണയില്ലെന്നതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഇതോടെ നേട്ടം ആവർത്തിക്കില്ലെന്ന് സി.പി.എമ്മും വിലയിരുത്തുന്നു.
മൂന്ന് മുന്നണികളും സ്വന്തം നിലയ്‌ക്കാണ് മത്സരരംഗത്തുള്ളത്. വെൽഫെയർ പാർട്ടി പിന്തുണയെച്ചൊല്ലി യു.ഡി.എഫും എൽ.ഡി.എഫും പരസ്പര ആരോപണങ്ങൾ ഉന്നയിക്കുന്നതൊഴിച്ചാൽ മുന്നണികൾക്ക് പുറത്തെ ബന്ധങ്ങളില്ല. 'സാമ്പാർ" കേന്ദ്രങ്ങളിൽ മാരത്തോൺ ചർച്ചകളിലൂടെ യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിക്കാനായെന്ന ആശ്വാസത്തിലാണ് ലീഗ് നേതൃത്വം. ഇത്തവണ രണ്ട് പഞ്ചായത്തുകളിൽ ഒഴികെ മറ്റിടങ്ങളിലെല്ലാം മുന്നണി സംവിധാനത്തിലാണ് മത്സരം. പ്രചാരണം അവസാന ലാപ്പിലാകുമ്പോൾ യു.ഡി.എഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. എന്നാൽ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടുണ്ടാക്കിയ ഐക്യം താഴെതട്ടിൽ പ്രതിഫലിച്ചേക്കില്ലെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അതേസമയം വേരോട്ടമുള്ള തീരപ്രദേശങ്ങളിൽ സി.പി.എം സി.പി.ഐ തർക്കം പൂർണതോതിൽ പരിഹരിക്കാനാവാത്തതാണ് എൽ.ഡി.എഫിന്റെ വെല്ലുവിളി.
നീക്കം നീർണായകം
വെൽഫെയർ പാർട്ടിയുമായി പരസ്യ നീക്കുപോക്കെന്ന നയമാണ് ഇത്തവണ മുസ്ലിം ലീഗിന്റേത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തുടക്കമിട്ട ബന്ധമിപ്പോൾ കൂടുതൽ ശക്തമായി. മിക്ക പഞ്ചായത്തുകളിലും ഒരുവാർഡിൽ യു.ഡി.എഫ് ബാനറിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്നുണ്ട്. ലീഗിന്റെ സീറ്റാണ് വിട്ടുകൊടുത്തത്. ഈ ബന്ധത്തോട് തുടക്കം മുതൽ കോൺഗ്രസ് ജില്ലാ നേതൃത്വം മുഖംതിരിച്ചിരുന്നു.
നീക്കുപോക്കിനായി കോൺഗ്രസിന്റെ ചില സിറ്റിംഗ് സീറ്റുകൾ വെൽഫെയർ പാർട്ടി ചോദിച്ചെങ്കിലും വിട്ടുകൊടുത്തില്ല. ഇതോടെ കോൺഗ്രസിന്റെ വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെയും നിറുത്തി. എന്നാൽ വെൽഫെയർ ബന്ധത്തിനെതിരെ ലീഗിന്റെ വോട്ടുബാങ്കായ സമസ്ത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സഖ്യത്തിലൂടെ ജമാഅത്തെ ഇസ്ലാമി മാദ്ധ്യമങ്ങളുടെ പിന്തുണയും കോൺഗ്രസുമായി അസ്വാരസ്യങ്ങളുണ്ടായിരുന്ന ഇടങ്ങളിൽ വോട്ട് ചോർച്ചയുണ്ടായാലുള്ള ആഘാതവും കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. വെൽഫെയർ ബന്ധം തിരഞ്ഞെടുപ്പിലുണ്ടാക്കുന്ന പ്രതിഫലനം ലീഗിന് നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |