തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും യു.ഡി.എഫും ബി.ജെ.പിയും രഹസ്യവും പരസ്യവുമായ ധാരണയോടെ പരസ്പരം സഹായിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് സംഘടിപ്പിച്ച വെബ്റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിനും ബി.ജെ.പിക്കും വ്യാപകമായി പൊതുസ്വതന്ത്രർ മത്സരിക്കുന്നു. ഇരുകൂട്ടരും ഒരുമിച്ച് പ്രചാരണം നടത്തുന്നു. യു.ഡി.എഫിന് ജമാഅത്തെ ഇസ്ലാമിയുമായും പരസ്യബാന്ധവമാണ്. ഇതിന് നേതൃത്വം കൊടുത്ത മുസ്ലിം ലീഗിന് ഏൽക്കാൻ പോകുന്ന തിരിച്ചടി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തമാകും.
മതനിരപേക്ഷതയോട് ചേർന്ന് നിൽക്കുന്ന മുസ്ലിം സഹോദരങ്ങൾ സ്വാഭാവികമായും അകറ്റിനിറുത്തുന്ന ജമാഅത്തെ ഇസ്ലാമിയെ നാല് വോട്ടിന് വേണ്ടി കൂടെ കൂട്ടാൻ തയാറായ ലീഗിനും കോൺഗ്രസിനുമെതിരായ വികാരം മുസ്ലിം ബഹുജനങ്ങളിൽ പതഞ്ഞുയരുകയാണ്. വർഗീയതയോട് സന്ധി ചെയ്ത് വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാട്ടാൻ എൽ.ഡി.എഫുണ്ടാവില്ല. അത് നെഞ്ചുവിരിച്ച് ഉച്ചത്തിൽ പറയാനാകും.
പ്രചാരണത്തിൽ എവിടെയെങ്കിലും കോൺഗ്രസ്, ലീഗ് നേതാക്കൾ ബി.ജെ.പിയെ വിമർശിക്കുന്നത് കേട്ടോ? വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വേട്ടയ്ക്കായി അന്വേഷണ ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുമ്പോൾ ഇവിടെ കോൺഗ്രസും ലീഗും അതിന് തപ്പുകൊട്ടി കൂട്ടുനിൽക്കുകയാണ്.
സർക്കാർ ജനങ്ങൾക്കും നാടിനും വേണ്ടി എന്തു ചെയ്തെന്ന് എല്ലാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം സർക്കാരിനെതിരെ ചോദ്യമുന്നയിക്കാറുണ്ട്. എന്നാൽ ഇത്തവണ ആ ചോദ്യം എവിടെയെങ്കിലുമുണ്ടായോ? അപവാദ പ്രചരണമുതിർക്കുന്ന വലതുപക്ഷ മാദ്ധ്യമങ്ങളും ഈ ചോദ്യമുയർത്തുന്നില്ല.
കൊവിഡ് കാലത്തേതടക്കമുള്ള ജീവിതാനുഭവങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. സർക്കാരിന്റെ ഖജനാവ് നിറഞ്ഞൊഴുകുന്നില്ലെങ്കിലും ജനങ്ങളോടുള്ള കനിവ് നിറഞ്ഞൊഴുകുന്നുണ്ട്. സൗജന്യ ചികിത്സയും സൗജന്യ ഭക്ഷ്യകിറ്റുകളും പ്രത്യേക ആശ്വാസസഹായവും വർദ്ധിപ്പിച്ച നിരക്കിൽ മാസം തോറും നൽകുന്ന ക്ഷേമ പെൻഷനുകളുമെല്ലാം നാടിന്റെ അനുഭവമാണ്. നവീകരിച്ച സ്കൂളുകളുടെയും ആശുപത്രികളും പുതിയ റോഡുകളും പാലങ്ങളുമടക്കം അഭൂതപൂർവമായ മാറ്റത്തിനാണ് ജനങ്ങൾ സാക്ഷ്യം വഹിക്കുന്നത്. അവർക്ക് മുന്നിലെത്തി സർക്കാരെന്ത് ചെയ്തുവെന്ന് ചോദിക്കാനാകുമോ?
പശ്ചാത്തല സൗകര്യമൊരുക്കാൻ കിഫ്ബിയും വലിയ പദ്ധതികളെ പിന്താങ്ങാൻ കേരള ബാങ്കുമുണ്ട്. ഇതെല്ലാം കണ്ട് വിഭ്രാന്തിയിലായ യു.ഡി.എഫും ബി.ജെ.പിയും കണ്ണിൽ കണ്ടതിനെയെല്ലാം എതിർക്കുകയാണ്. വികസനത്തിനെങ്ങനെ തടയിടാനാകുമെന്ന് മാത്രമാണവർ ചിന്തിക്കുന്നത്. രാജ്യമാകെ ബദൽ ആഗ്രഹിക്കുമ്പോൾ ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാർ കേരളത്തിൽ ആ ബദൽ നടപ്പാക്കുകയാണ്. തങ്ങൾക്കൊപ്പം നിൽക്കുന്ന ഇടതുപക്ഷത്തിന് എന്തിന് എതിരു നിൽക്കണമെന്ന് ചിന്തിക്കുന്ന അനേകലക്ഷങ്ങൾ ഇവിടെയുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ആരോപണപ്പുകമറയിൽ നിറുത്തി അഴിമതിയുടെ കരിനിഴലിലാക്കാൻ പ്രതിപക്ഷം വലിയ ശ്രമമാണ് നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എന്നാൽ, അഴിമതിയുടെ കറ യു.ഡി.എഫിന്റെ കൈകളിലാണെന്ന് മനസിലായതോടെ അഴിമതിക്കെതിരെ വോട്ടെന്ന മുദ്രാവാക്യം യു.ഡി.എഫ് ഉപേക്ഷിച്ചെന്നും കാനം പറഞ്ഞു. മറ്റ് ഘടകകക്ഷിനേതാക്കളും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |