തൃശൂർ: ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ഓൺലൈൻ പ്രചാരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും തൃശൂർ പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശ പോര് പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു.
എൽ.ഡി.എഫിന്റെ ഒരു സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററിൽ വരാനോ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവ്. ഹവാലയും റിവേഴ്‌സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്.
കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറും. നാല് മന്ത്രിമാരും നിയമസഭാ സ്പീക്കറും സ്വർണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു. ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിക്കായാണ് പ്രവർത്തിച്ചത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുമായി വ്യാപകമായ സഖ്യമുള്ളത്. അഴിമതിക്കേസുകളെ പേടിച്ച് യു.ഡി.എഫും കളംവിടേണ്ട അവസ്ഥയിലാണ്. ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം കുടുംബാംഗങ്ങളെ ഉപയോഗിച്ചത് നാണക്കേടായി. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഒരു കിലോ അരിക്ക് 25 രൂപ വച്ച് കേന്ദ്രമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |