വർക്കല: ശിവഗിരിമഠം പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരുദേവ കൃതികളുടെ എക്സിക്യൂട്ടീവ് എഡിറ്ററും, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പബ്ലിക്കേഷൻ ഡിവിഷന്റെ ജോയിന്റ് കൺവീനറുമായിരുന്നു അന്തരിച്ച കൃഷി ശാസ്ത്രജ്ഞൻ ആർ.ഹേലി. ഡോ. പി.കെ. ഗോപാലകൃഷ്ണൻ ജനറൽ കൺവീനറും.
പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ രചിച്ച 'ശിവാരവിന്ദം' സമ്പൂർണ്ണ വ്യാഖ്യാനം പത്ത് വാല്യങ്ങളായാണ് ശിവഗിരിമഠം പ്രസിദ്ധീകരിച്ചത്. 1980 ഡിസംബറിൽ ശിവഗിരി തീർത്ഥാടന സമ്മേളനത്തിലായിരുന്നു ഒന്നാം വാല്യം പ്രകാശനം. പത്താം വാല്യത്തിന്റെ പ്രകാശനം 1987ലും. സമ്പൂർണ്ണ വ്യാഖ്യാനത്തിന്റെ പ്രസിദ്ധീകരണത്തിൽ നിസ്തുലവും നിസ്വാർത്ഥവുമായിരുന്നു ആർ.ഹേലിയുടെ ഏഴുവർഷക്കാലത്തെ സേവനം. അതേക്കുറിച്ച് ,
ഒരു ബ്രഹ്മയജ്ഞത്തിന്റെ ശുഭ പരിസമാപ്തിയെന്ന പേരിൽ പ്രൊഫ. ജി.ബാലകൃഷ്ണൻ നായർ എഴുതിയ പത്താം വാല്യത്തിന്റെ ആമുഖക്കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഗുരുദേവ കൃതികളുടെ ഈ വ്യാഖ്യാന വാല്യങ്ങൾക്ക് മറ്റു പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ട്. അതിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ആർ.ഹേലിയുടെ ഭക്തിനിർഭരങ്ങളായ ഹൃദയസ്പന്ദനങ്ങളാണ്.എന്തിനേറെ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹേലി ഉറങ്ങുന്നതും ഉണരുന്നതും പ്രസ്തുത വാല്യങ്ങളുടെ കെട്ടും മട്ടും അപൂർവ്വ ചിത്രങ്ങളും സംവിധാനഭംഗിയും സ്വപ്നം കണ്ടുകൊണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവരൊക്കെ ധരിച്ചിട്ടുണ്ട്'.
തിരുവനന്തപുരം സെന്റ്ജോസഫ് പ്രസ്സിലായിരുന്നു സമ്പൂർണ്ണ വ്യാഖ്യാനത്തിന്റെ പത്ത് വാല്യങ്ങളും അച്ചടിച്ചത്. ഈ വാല്യങ്ങളുടെ പേരിൽ സെന്റ് ജോസഫ് പ്രസ്സിന് കേരള ഗവണ്മെന്റിന്റെ അച്ചടിക്കുളള ഒന്നാം സമ്മാനം ഒന്നിലധികം തവണ ലഭിച്ച കാര്യവും പ്രൊഫ. ജി.ബാലകൃഷ്ണൻ നായർ അനുസ്മരിക്കുന്നു. ഗുരുദേവ സാഹിത്യത്തിന് വലിയ മുതൽക്കൂട്ടായി ഡോ.സുകുമാർ അഴിക്കോടിനെപ്പോലുളളവർ വിശേഷിപ്പിച്ച സമ്പൂർണ്ണ കൃതികളുടെ വ്യാഖ്യാനത്തിന്റെ പ്രസിദ്ധീകരണം കുറ്റമറ്റതാക്കാൻ കൃഷിവകുപ്പിലെ ജോലിത്തിരക്കുകൾ പോലും മാറ്റിവച്ചാണ് ആർ.ഹേലി പ്രവർത്തിച്ചത്. വ്യാഖ്യാനഗ്രന്ഥത്തിൽ ഗുരുദേവനുമായി ബന്ധപ്പെട്ട അപൂർവ്വ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ സംഘടിപ്പിക്കാൻ കേരളത്തിന്റെ പലഭാഗങ്ങളിലും മാസങ്ങളോളം സഞ്ചരിക്കേണ്ടി വന്ന കാര്യവും അത്
കണ്ടുകിട്ടിയപ്പോഴുണ്ടായ ആത്മനിർവൃതിയും ഹേലി പല സന്ദർഭങ്ങളിലും പങ്കുവച്ചിട്ടുണ്ട്. എല്ലാം ഗുരുകടാക്ഷമെന്ന വാക്കുകളിലാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഗുരുദേവ ഭക്തനും എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രധാന പ്രവർത്തകരിലൊരാളുമായിരുന്നു ആറ്റിങ്ങൽ നഗരസഭയുടെ ആദ്യ ചെയർമാനും ഹേലിയുടെ പിതാവുമായ പി.എം.രാമൻ എന്ന രാമൻ രജിസ്ട്രാർ. ഒരു കാലഘട്ടത്തിൽ ശിവഗിരിമഠത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ജ്യേഷ്ഠസഹോദരനും മുൻ എം.എൽ.എയുമായിരുന്ന ആർ.പ്രകാശം. ഇരുവരുടെയും പാത പിന്തുർന്നാണ് ആർ.ഹേലിയും ശിവഗിരി മഠവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതനാവുന്നത്. ഏറെക്കാലം ശിവഗിരി തീർത്ഥാടനത്തിന്റെ സംഘാടനസമിതിയിലും അദ്ദേഹം നിസ്തുലമായി പ്രവർത്തിച്ചിരുന്നു. ശിവഗിരി തീർത്ഥാടനത്തിന്റെ കനകജുബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളം കണ്ട ഏറ്റവും വലിയ അഖിലേന്ത്യാ പ്രദർശനത്തിന്റെ മുഖ്യസംഘാടകരിലൊരാളുമായിരുന്നു ആർ.ഹേലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |