തിരുവനന്തപുരം: സംസ്ഥാനത്ത് തൃശൂർ ജില്ലയിലടക്കം ചില മേഖലകളിലെ ബി.ജെ.പിയുടെ വളർച്ച സൂക്ഷ്മതലത്തിൽ പരിശോധിക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെങ്കിലും, ചില മേഖലകളിലെ ബി.ജെ.പിയുടെ കടന്നുകയറ്റത്തിനെതിരെ സി.പി.എമ്മും സി.പി.ഐയും ജാഗ്രത പുലർത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
കേരളത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് വോട്ട് വ്യത്യാസം കാലങ്ങളായി നാല്- നാലര ശതമാനമെന്ന നിലയ്ക്ക് മാറിമാറി നിൽക്കുന്ന സ്ഥിതിയാണെങ്കിലും ,ബി.ജെ.പിയുടെ വോട്ടോഹരി ഒറ്റയടിക്ക് കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ 15 ശതമാനത്തിലേക്കുയർന്നത് ഗൗരവതരമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇത്തവണ അവരുടെ പരമ്പരാഗത സ്വാധീന മേഖലകളിലുൾപ്പെടെ പഴയ നില തുടരുകയോ, അല്പം പിറകോട്ട് പോവുകയോ ഉണ്ടായി. കാസർകോട്, തിരുവനന്തപുരം കോർപ്പറേഷൻ മേഖല ഉദാഹരണമാണ്. തിരുവനന്തപുരത്തും പാലക്കാട്ടും നഗര മേഖലകളിലുണ്ടാക്കിയ നേട്ടം ബി.ജെ.പിക്ക് ഗ്രാമമേഖലകളിലില്ല. തൃശൂരിൽ സ്ഥിതി പക്ഷേ മാറി. കൊല്ലത്തും ചില മേഖലകളിലെ മുന്നേറ്റം ഗൗരവത്തിലെടുക്കണം. പന്തളത്തെ ബി.ജെ.പി വിജയം പ്രത്യേകം പരിശോധിക്കണം.
ഇടതുവോട്ടുകളിലെ ചോർച്ചയാണോ, യു.ഡി.എഫിലെ ചോർച്ചയാണോയെന്ന് കൃത്യമായി പരിശോധിക്കണം. ചെങ്ങന്നൂരിലും വോട്ട് ചോർച്ചയുണ്ടായി. ഇടതുപാർട്ടികൾ താഴേത്തട്ടിലേക്കിറങ്ങിച്ചെന്ന് ജനകീയബന്ധം ശക്തമാക്കുകയും സംഘടനാ വീഴ്ചകൾ തുറന്ന് പരിശോധിക്കുകയും വേണം. യു.ഡി.എഫ് പരാജയപ്പെട്ടിടത്താണ് ബി.ജെ.പിയുടെ കടന്നുവരവേറെയെന്നാണ് തിരുവനന്തപുരം നഗരഫലം കാട്ടുന്നത്. കള്ളുചെത്ത്, കയർ, കൈത്തറി, കശുഅണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായമേഖലകളുടെ തളർച്ചയും ഇടതുമുന്നണിക്ക് ദോഷമായി. കൊല്ലം ജില്ലയിലടക്കം ഇത് പ്രകടമാണ്.
പരമ്പരാഗതവ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള ക്രിയാത്മക ഇടപെടലുണ്ടാവണം. ഇടതുപാർട്ടികൾ കൂടുതൽ ശക്തമായി ഈ മേഖലയിലിടപെടണം. സി.പി.എം- സി.പി.ഐ ബന്ധം കുറേക്കൂടി ശക്തമാക്കണം. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പൊട്ടലും ചീറ്റലുമെല്ലാം പരിഹരിച്ചെങ്കിലും, അതാവർത്തിക്കാതെ നോക്കണമെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |