തിരുവനന്തപുരം: കടയ്ക്കാവൂരിൽ 13കാരനായ മകനെ മാതാവ് പീഡിപ്പിച്ചെന്ന കേസ് വിശ്വസനീയമാണെന്ന് തിരുവനന്തപുരം പോക്സോ കോടതി. പൊലീസിനും മജിസ്ട്രേറ്റിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും നൽകിയ മൊഴിയിൽ കുട്ടി പീഡനക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ടെന്ന് കേസ് ഡയറി പരിശോധിച്ച പോക്സോ കോടതി ജഡ്ജി സി.ജെ.ടെന്നി നിരീക്ഷിച്ചു.
അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മാതാവിന് കോടതി ജാമ്യം നിഷേധിച്ചു. കുട്ടിയെ പരിശോധിക്കുന്നതിന് സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, വിദഗ്ദ്ധ ഡോക്ടർമാർ എന്നിവരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പൊലീസ് ആവശ്യപ്പെട്ടു.
കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം അന്വേഷിക്കുന്ന ഐ.ജി ഹർഷിത അട്ടല്ലൂരി, കടയ്ക്കാവൂർ സി.ഐയെയും എസ്.ഐയെയും വിളിച്ചുവരുത്തി വിവരങ്ങൾ തേടി. രേഖകൾ പരിശോധിച്ച ഐ.ജി, കേസ് നിലനിൽക്കുന്നതാണെന്നാണ് വിലയിരുത്തിയത്. ഇന്ന് കേസ് ഡയറി ഹാജരാക്കാൻ ഐ.ജി നിർദ്ദേശിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ എൻ.സുനന്ദയെ വാദിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ പിഴവില്ലെന്ന് പൊലീസ് വിശദീകരിച്ചു.
പത്തു ദിവസം കമ്മിറ്റിയുടെ പരിരക്ഷയിൽ താമസിപ്പിക്കുകയും മൂന്നു ദിവസം കൗൺസലിംഗ് നടത്തുകയും ചെയ്തശേഷമാണ് അമ്മയ്ക്കെതിരെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കമ്മിറ്റി പൊലീസിന് കൈമാറിയത്. പോക്സോ ആക്ടിലെ സെക്ഷൻ 19(ഒന്ന്, രണ്ട്) പ്രകാരം ഏതെങ്കിലും സംഘടനയോ സ്വതന്ത്ര ഏജൻസിയോ വിവരം നൽകിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. സെക്ഷൻ 21പ്രകാരം വിവരം കിട്ടിയിട്ടും കേസെടുത്തില്ലെങ്കിൽ പൊലീസുദ്യോഗസ്ഥന് മൂന്നു മാസം കഠിനതടവാണ് ശിക്ഷ. കള്ളപ്പരാതിയാണെങ്കിൽ പരാതിക്കാരനെതിരെ സെക്ഷൻ 22പ്രകാരം നടപടിയെടുക്കാം. ജയിൽശിക്ഷയ്ക്കുള്ള വകുപ്പുണ്ട്. നിലവിൽ എഫ്.ഐ.ആറിൽ വാദിയായി കമ്മിറ്റി അദ്ധ്യക്ഷയെയാണ് ഉൾപ്പെടുത്തിയതെങ്കിലും കുട്ടിയുടെ മൊഴി സാക്ഷ്യപ്പെടുത്തി ലഭിച്ചാൽ വാദിയെ മാറ്റാനാവുമെന്നും പൊലീസ് പറയുന്നു. കെട്ടിച്ചമച്ച കേസാണെന്ന പ്രതിഭാഗം വാദം കോടതി നിരാകരിച്ചതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് പ്രസാദ് പറഞ്ഞു.
എല്ലായിടത്തും
ഒരേ മൊഴി
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ഉടൻ അമ്മയ്ക്കെതിരെ കേസെടുക്കുകയായിരുന്നില്ലെന്ന് പൊലീസ് വിശദീകരിച്ചു. വനിതാ പൊലീസുദ്യോഗസ്ഥർ മൊഴിയെടുത്തതിനു പുറമെ ,മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി സിആർപിസി 164പ്രകാരം രഹസ്യമൊഴിയെടുത്തു. വൈദ്യപരിശോധന നടത്തിയ ഡോക്ടർ ഒന്നരമണിക്കൂർ കുട്ടിയുമായി സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൂന്നിടത്തും കുട്ടി സമാനമൊഴിയാണ് നൽകിയത്. മൊഴിയും മെഡിക്കൽ റിപ്പോർട്ടുമായി പൊരുത്തമുണ്ട്. പതിനേഴുകാരനായ സഹോദരനും ഇതേ മൊഴിയാണ് നൽകിയത്.
ഇതിനു പിന്നാലെ മാതാവിന്റെ മൊബൈൽ പിടിച്ചെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്കയച്ചു. കുട്ടികളുടെ മൊഴിയിലേതു പോലെ വീഡിയോ കാളുകളും ചാറ്റുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാൾ ഡാറ്റാ റെക്കാർഡർ (സിഡിആർ) ശേഖരിച്ച്, ഫോണിൽ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്താനാണ് പൊലീസിന്റെ നീക്കം. പതിനേഴും പതിനൊന്നും പതിമൂന്നും വയസുള്ള 3 ആൺമക്കളും 6 വയസുള്ള മകളും ഇവർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |