കോഴിക്കോട്: തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ അയൽവീട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ നീക്കണമെന്ന വീട്ടമ്മയുടെ പരാതി കോഴിക്കോട് സിറ്റി നോർത്ത് അസി. കമ്മിഷണർ അന്വേഷിക്കും.
വീട്ടിലെ കിടപ്പുമുറിയിൽ വസ്ത്രം മാറുന്നതിനിടെ ഭർത്താവായ വിമുക്തഭടൻ പ്രേമരാജന്റെ പിൻഭാഗം കാമറക്കണ്ണിൽ പതിഞ്ഞത് നഗ്നതാപ്രദർശനമാണെന്ന് ആരോപിച്ച് പോക്‌സോ കേസ്സിൽ കുടുക്കി ജയിലിലാക്കിയത് ചൂണ്ടിക്കാണിച്ചാണ് സിവിൽ സ്റ്റേഷനു സമീപം തൃക്കൈപ്പറമ്പത്ത് വീട്ടിൽ സി.ടി സിന്ധുവിന്റെ പരാതി. അന്വേഷണത്തിലൂടെ നിജസ്ഥിതി വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ. വി ജോർജ്ജ് പറഞ്ഞു.
തങ്ങളുടെ വീടും അയൽവീടും തമ്മിൽ ആറടി അകലം മാത്രമെയുള്ളൂവെന്നും മുകൾനിലയിലെ ബാൽക്കണിയിലേക്കടക്കം ഫോക്കസ് ചെയ്ത് അയൽവാസി ഏഴു സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കിടപ്പുമുറിയിൽ ഡ്രസ്സ് മാറുന്നതുൾപ്പെടെ എല്ലാ ചലനങ്ങളും അയൽവാസി മനഃപൂർവം കാമറയിൽ പകർത്തുകയും റിക്കാർഡ് ചെയ്തു സൂക്ഷിക്കുകയുമാണ്.
തന്റെ പന്ത്രണ്ടുകാരൻ മകനു മുന്നിൽ പ്രേമരാജൻ നഗ്നത പ്രദർശിപ്പിച്ചെന്നു പറഞ്ഞാണ് കേസിൽ കുടുക്കിയതും ജയിലിലാക്കിയതും. പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പലരെയും കാണിക്കുന്നതായി അറിയുന്നു. തന്റെയും ഭർത്താവിന്റെയും 15 കാരി മകളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ കാമറകൾ. ഇവ നീക്കം ചെയ്യാൻ നടപടി തേടി നേരത്തെ നടക്കാവ് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷണർക്ക് പരാതി സമർപ്പിക്കുന്നതെന്നും സിന്ധു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |