ഷൊർണൂർ: സംസ്ഥാനത്തെ പ്രധാന കന്നുകാലി ചന്തകളിലൊന്നാണ് വാണിയംകുളം. പഴയ കാലത്ത് ആനക്കച്ചവടം വരെ നടന്നിരുന്നതായി പറയപ്പെടുന്ന ഈ ചന്തയെ കുറിച്ച് മലബാറിന്റെ ചരിത്രത്താളുകളിൽ ഏറെ പരാമർശമുണ്ട്. വ്യാഴാഴ്ചകളിൽ നടക്കുന്ന ചന്തയിൽ തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നൂറിലേറെ ലോറികളിലാണ് കന്നുകാലികൾ എത്തിയിരുന്നത്. വാണിയംകുളത്തെയും സമീപ പ്രദേശങ്ങളിലും നിരവധി പേരുടെ ഉപജീവന മാർഗം കൂടിയാണ് ഇവിടം. രാവിലെ ഏഴുമുതൽ ചന്തകളിലെത്തുന്ന കന്നുകാലികളെ വാങ്ങാനും വിൽക്കാനുമായി ആയിരങ്ങളാണ് ഇവിടെ എത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ എല്ലാം തകിടം മറിച്ചു. കഴിഞ്ഞ മാർച്ചിൽ നിറുത്തി വച്ച കാലിച്ചന്ത നിലവിൽ കാടുപിടിച്ച് കിടക്കുകയാണ്.
മറ്റെല്ലാ മേഖലയിലും ഇളവുകൾ നൽകിയ പശ്ചാത്തലത്തിൽ വാണിയംകുളം ചന്തയും തുറന്നു പ്രവർത്തിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ചന്തയുടെ പെരുമ കാക്കുന്നതിന് കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതും അത്യാവശ്യമാണ്.
ദുരിതത്തൊഴുത്ത്
ചന്ത ദിവസം ദുർഗന്ധം മൂലം ജനങ്ങൾക്ക് വാണിയംകുളം വഴി കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടാണ്. ചന്തയുടെ അകത്ത് ചാണകം, ചെളി, വൈക്കോൽ എന്നിവ കുഴഞ്ഞുമറിഞ്ഞ് കിടക്കും. മഴ പെയ്താൽ ചന്തയിലെ മാലിന്യം ഒഴുകിയെത്തുക വാണിയംകുളം ടൗണിലാണ്. ഇതെല്ലാം പരിഹരിക്കാൻ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്.
നവീകരണം പ്രഖ്യാപനത്തിൽ മാത്രം
2014ൽ ചന്തയുടെ ആധുനികവൽക്കരണം ഉൾപ്പടെ മെഗാസിറ്റി എന്ന പേരിൽ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചിരുന്നു. വലിയ സാമ്പത്തിക ബാദ്ധ്യത വരുമെന്നതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയില്ല. ഇതോടെ 2016ൽ മെഗാസിറ്റി സങ്കല്പം ഇല്ലാതായി. പദ്ധതി ഉപേക്ഷിച്ചെങ്കിലും കാലിചന്ത കോൺക്രീറ്റ് ചെയ്യുന്നതിനും പ്രാഥമിക സൗകര്യവികസനത്തിനുമായി 1.20 കോടിയുടെ പദ്ധതി പഞ്ചായത്ത് പുനരാവിഷ്കരിച്ചെങ്കിലും ഇതും പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി.
സൗകര്യം വേണം
ചന്തയുടെ പ്രവർത്തനം വ്യാപാര സാധ്യത വർദ്ധിപ്പിക്കുമ്പോൾ തന്നെ ദുരിതവും സമ്മാനിക്കുന്നുണ്ട്. മൂക്കുപൊത്താതെ ചന്ത ദിവസം വാണിയംകുളത്ത് എത്താനാകില്ലെന്ന ദുഷ്‌പേര് മാറ്റണമെങ്കിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാകണം.
-നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |