ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഇന്ത്യയുടെ പുതിയ വിദേശ വ്യാപാരനയം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം വാണിജ്യ സഹമന്ത്രി ഹർദീപ് സിംഗ്പുരി വകുപ്പിന്റെ പാർലമെന്ററി കാര്യ സമിതിയംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ അഞ്ച്ലക്ഷം കോടി ഡോളറിന്റേതായി വളർത്താനുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം സഫലമാക്കാനുള്ള പ്രധാനപങ്ക് കയറ്റുമതിനിന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വിദേശവ്യാപാര നയം അടിമുടി പരിഷ്കരിക്കുമെന്നാണ് സൂചനകൾ. കയറ്റുമതി പ്രോത്സാഹനത്തിന് വലിയ പ്രാധാന്യവും വമ്പൻ ഇളവുകളും മറ്റും നയത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
സാമഗ്രികളുടെയും സേവനങ്ങളുടെയും കയറ്റുമതിയിൽ ലോകത്തെ ഒന്നാമതെത്തുകയാണ് നയത്തിൽ ലക്ഷ്യമിടുന്നത്.
കയറ്റുമതി പ്രോത്സാഹിപ്പിക്കാനും നൂലാമാലകൾ ഒഴിവാക്കാനുമുള്ള എല്ലാ നടപടികളും പുതിയ നയത്തിന്റെ ഭാഗമാണ്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കൽ, കുറഞ്ഞ ചെലവിലുള്ള പ്രവർത്തന സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് തയ്യാറാവുക.
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും വാണിജ്യമന്ത്രാലയം ഇക്കാര്യത്തിൽ പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ജില്ലകളിൽ കയറ്റുമതി ഹബ്ബുകൾ
പുതിയ വിദേശ വ്യാപാരനയത്തിൽ ജില്ലാ കയറ്റുമതി കേന്ദ്രങ്ങൾക്ക് (ഡിസ്ട്രിക്ട് എക്സ്പോർട്ട് ഹബ്ബ്) വലിയ പ്രാമുഖ്യം നൽകിയിട്ടുണ്ട്. വിദേശ വ്യാപാരം പ്രോത്സാഹിപ്പിക്കാൻ ജില്ലാ തലത്തിൽ ഹബ്ബുകൾ സ്ഥാപിക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിക്കഴിഞ്ഞു. ഓരോ ജില്ലയിൽ നിന്നും കയറ്റുമതി ചെയ്യാൻ ഉത്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി പ്രോത്സാഹനം നൽകാനും സാധ്യതകൾ ബോധ്യപ്പെടുത്താനും ഹബ്ബുകൾ ശ്രമിക്കും.
കയറ്റുമതി നയം അഞ്ച് വർഷത്തേക്ക്
ഇന്ത്യയുടെ കയറ്റുമതി നയത്തിന് അഞ്ച് വർഷത്തേക്കാണ് പ്രാബല്യം. കഴിഞ്ഞ നയം 2015 എപ്രിലിലാണ് നിലവിൽ വന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് 2020ൽ ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിച്ചു. അഞ്ച് വർഷം കൊണ്ട് കയറ്റുമതി പലമടങ്ങ് വർദ്ധിപ്പിക്കാനുള്ള അസാധാരണമായ നടപടികളാണ് ഇത്തവണ കേന്ദ്രസർക്കാരിൽ നിന്ന് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്. ഇളവുകളും പ്രോത്സാഹനങ്ങളും മഴപോലെ പെയ്യുമെന്നാണ് കരുതപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |