കൊല്ലം: ചീറിപ്പായുമ്പോൾ ഉഗ്രശബ്ദത്തിനൊപ്പം സൈലൻസറിൽ നിന്ന് തീ തുപ്പുന്ന അഡംബര ബൈക്ക് ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. സൈലൻസറിൽ അധികമായി ചില യന്ത്രങ്ങൾ ഘടിപ്പിച്ചാണ് തീ പാറിച്ചിരുന്നത്. തീ തുപ്പി ചീറിപ്പാഞ്ഞെത്തിയ ബൈക്ക് ഇന്നലെ ചിന്നക്കടയിൽ പോയിന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മനോജ് തടഞ്ഞുനിറുത്തി. പിന്നീട് ട്രാഫിക് എൻഫോഴ്സ്‌മെന്റ് സ്റ്റേഷനിലെ എസ്.ഐ രാജശേഖരനെത്തി ബൈക്കും ഓടിച്ചിരുന്ന പരവൂർ സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തു. കനത്ത പിഴ ചുമത്തിയതിനൊപ്പം അധികമായി ഘടിപ്പിച്ച യന്ത്രഭാഗങ്ങൾ നീക്കം ചെയ്ത് ഇന്ന് വൈകിട്ട് 5 മുൻപ് ഹാജരാക്കണമെന്ന നിർദ്ദേശവും നൽകി ബൈക്ക് വിട്ടുനൽകി. മൂന്നരലക്ഷം രൂപ വിലയുള്ള ബൈക്ക് വർക്കല സ്വദേശിയിൽ നിന്ന് വാങ്ങിയ ശേഷം പരവൂരിലെ യുവാവ് രജിസ്‌ട്രേഷൻ മാറ്റാതെ ഉപയോഗിച്ച് വരികയായിരുന്നു.