കോലഞ്ചേരി: ഒരു ഫോൺ കാൾ മാത്രം മതി. ക്ഷീരകർഷകരുടെ വീട്ടിലേക്ക് ചാണക വണ്ടി പാഞ്ഞെത്തും. പിന്നെ ഏതാനും മണിക്കൂറുകൾക്കകം ചാണകം ശേഖരിച്ച് പൊടിയായി തിരിച്ച് നൽകും. ഈടാക്കുക ന്യായമായ തുക മാത്രം. ഇനി ചാണകപ്പൊടി തിരികെ വേണ്ടെങ്കിൽ, മാർക്കറ്റ് വിലയ്ക്ക് ഇവർ തന്നെയെടുക്കും ! ഇടപ്പള്ളി കേന്ദ്രമായ ഫാംസ് ഡെയറി പ്രൈവറ്റ് ലിമിറ്റഡാണ് ക്ഷീര കർഷകർക്കും ഒപ്പം ജൈവവള പച്ചക്കറിക്കൃഷി ചെയ്യുന്നവർക്കും ഉപകാര പ്രദമായ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.ലോക്ക് ഡൗണിൽ കാർഷിക വൃത്തിയ്ക്കും ചെടികളുടെ പരിപാലനവുമായി നിരവധിപേർ സമയം കണ്ടെത്തിയതോടെ ഉണക്ക ചാണകത്തിന് വൻ ഡിമാന്റായി. ഇതിന്റെ അനന്ത സാദ്ധ്യത ഉൾക്കൊണ്ടാണ് ഉണക്കചാണകമാക്കുന്ന സാങ്കേതിക വിദ്യ സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ചെടുത്തത്. സാമാന്യം വലിയ കുഴിയിൽ നിന്നും മൂന്നു മണിക്കൂർ കൊണ്ട് പച്ച ചാണകം ഉണക്കയാക്കി നല്കുന്ന വിധമാണ് കമ്പനിയുടേത്.
കിട്ടും നല്ലവില
ലോക്ക് ഡൗണിന് പിന്നാലെ വീട്ടുമുറ്റം കൃഷിയിടമാക്കിയവരുടെ എണ്ണം കൂടി. സംസ്ഥാനത്തെ കൃഷിയും ഇതോടൊപ്പം ഹൈക്ടർ കണക്കിന് ഉയർന്നു. ഇതോടെ വളങ്ങളുടെ ഉപയോഗം വർദ്ധിച്ചു. പ്രത്യേകിച്ച് കർഷന്റെ പൊന്നായ ചാണകത്തിന്. നിലവിൽ 40 രൂപ വരെ ഒരു ചാക്ക് ചാണകപൊടിക്ക് വിലയുണ്ട്. ഫാംസ് ഡെയറി പ്രൈവറ്റ് ലിമിറ്റഡ് ശേഖരിക്കുന്ന ചാണകം പൊടിച്ച് നൽകുന്നതിന് കിലോ ഗ്രാമിന് ഒന്നര രൂപയും വണ്ടി വാടകയായി 4000 രൂപയുമാണ് ഈടാക്കുന്നത്. ചാണകപ്പൊടി വില്പനയിലൂടെയും ക്ഷീരകർഷകന് വരുമാനം നേടം.
കിട്ടാനില്ല
ചാണകക്കുഴികൾ നിറഞ്ഞാൽ പിന്നെ ക്ഷീരകർഷകന്റെ ഉള്ളിൽ തീയാണ്. പച്ച ചാണകം എടുത്തു മാറ്റുന്നത് തന്നെ വലിയ ചടങ്ങാണ്. കൃഷിയിടങ്ങളിലേയ്‌ക്കെത്തിച്ചു കൊടുത്താൽ വാങ്ങാനാളുണ്ടെങ്കിലും എത്തിക്കാൻ വാഹനവും, ചുമന്ന് കയറ്റാൻ ജീവനക്കാരെ കിട്ടാനും പ്രയാസമാണ്. ഈ സാഹചര്യത്തിൽ പുതിയ സംവിധാനം ക്ഷീര കർഷകർക്ക് ഒരു വിധത്തിൽ ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |