തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവതിയിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. വരന്തരപ്പിള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമി (24) ആണ് അറസ്റ്റിലായത്. രണ്ട് വർഷം മുൻപ് അന്തിക്കാട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതും അഭിരാമി ലൈംഗികമായി ഉപയോഗിച്ചതിലുള്ള മാനസിക സമ്മർദ്ദത്തെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി.
ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇവർ ചൂഷണം ചെയ്തിട്ടുള്ളതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞാഴ്ചയാണ് തൃശൂരിൽ തിരുവമ്പാടിക്ക് സമീപത്തെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സൗഹൃദങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് അഭിരാമിയിലെത്തിയത്. ഫോണിൽ നിന്ന് പെൺകുട്ടിയുമൊത്തുള്ള ചിത്രങ്ങളും ലഭിച്ചു. മരിച്ച കുട്ടിക്ക് മറ്റൊരു ആൺകുട്ടിയുമായുള്ള സൗഹൃദം വിലക്കിയതിലെ മാനസിക സമ്മർദ്ദമാണ് മരിക്കാനിടയായതെന്നാണ് കണ്ടെത്തൽ. 16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ആണ് ഇവർ വല വീശി പിടിച്ചിരുന്നത്. ഈസ്റ്റ് സി. ഐ. ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്
കുട്ടികൾക്ക് മയക്കു മരുന്നും നൽകി
വലവീശി പിടിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നതിന് ഒപ്പം മയക്കുമരുന്നും നൽകിയിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ലൈംഗിക ചിത്രങ്ങൾ കാണിച്ചാണ് ആദ്യം കെണിയിൽ വീഴ്ത്തുന്നത്. തുടർന്ന് തന്റെ കുരുക്കിൽ നിന്ന് പോകാതിരിക്കാൻ തന്ത്രങ്ങൾ മെനയും. പുറത്തു ചാടാൻ ഒരുങ്ങുന്നവരെ മാനസികമായി പീഡിപ്പിക്കും. നിവൃത്തിയില്ലാതെ ആത്മഹത്യ ചെയുകയാണ് ഇരുവരും ചെയ്തതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ലോക് ഡൗൺ കാലഘട്ടത്തിൽ മാർച്ച് മുതൽ സെപ്തംബർ വരെ ജില്ലയിൽ 23 കുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. പലവിധ കാരണങ്ങൾ ആണ് മരണത്തിനു ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ ലൈംഗിക ചൂഷണവും പ്രതിപാദിച്ചിരുന്നു. ഇത്തരം കേസുകളിൽ അഭിരാമിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചേക്കും. കൂടുതൽ അന്വഷണം നടത്താൻ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് സി. ഐ. ലാൽകുമാർ 'ഫ്‌ളാഷി'നോട് പറഞ്ഞു. പോക്‌സോ പ്രകാരം ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |