കടയ്ക്കാവൂർ: വിശ്വമഹാകവി കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിൽ കവിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം പരാധീനതകൾക്ക് നടുവിൽ. സ്നേഹ ഗായകനും ആശയ ഗംഭീരനുമായ കവിയുടെ കാവ്യശകലങ്ങൾ പുതുതലമുറയ്ക്ക് പകരാനും കവിത ആസ്വദിക്കാനും കവിതാരചനകൾക്ക് വേണ്ട അന്തരീക്ഷം ഒരുക്കാനും വേണ്ടിയാണ് കായിക്കരയിൽ കാവ്യ ഗ്രാമ പദ്ധതി ആസൂത്രണം ചെയ്തത്. കായിക്കരയിൽ പ്രകൃതി ഭംഗിയാൽ കടലിനോട് ചേർന്ന് കിടക്കുന്ന സ്മാരകത്തിന് എന്തുകൊണ്ടും മുതൽക്കൂട്ടാകുന്ന പദ്ധതിയായിരുന്നു കാവ്യ ഗ്രാമം. എന്നാൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണം എങ്ങുമെത്തിയില്ല.
സ്മാരകത്തെ ഉന്നത തലങ്ങളിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി കുമാരനാശാന്റെ വേൾഡ് പ്രൈസ് സമ്മാന വേദിയിൽ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് വി. ശശി എം.എൽ.എയുടെ ശ്രമഫലമായാണ് രണ്ടാംഘട്ട വികസനത്തിനായി മൂന്നുകോടി രൂപ കൂടി അനുവദിച്ചത്.
ആറ്റിങ്ങൽ കലാപത്തെയും അഞ്ചുതെങ്ങ് കോട്ടയുടെയും സ്മരണകൾ കുറിക്കുന്ന കരിങ്കൽ ശില്പങ്ങൾ ആശാന്റെ വ്യക്തിപരവും കാവ്യാപരവുമായ കൽസ്തൂപം എന്നിവയും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നു. വയലാർ രവി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ സ്മാരകത്തിന്റെ ചുറ്റുമതിൽ പോലും പൂർത്തീകരിച്ചിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ തീർത്ഥാടന സർക്യൂട്ടിൽ കായിക്കര കുമാരനാശാൻ സ്മാരകം ഉൾപ്പെടാതെ പോയതും തിരിച്ചടിയാണ്. കാവ്യ ഗ്രാമം പൂർത്തിയാകുന്നതോടെ ആശാൻ സ്മാരകം രാജ്യത്ത് തന്നെ ഏറ്റവും സുന്ദരവും ആസ്വാദ്യകരവുമായ കാവ്യ സ്മരണകളിൽ ഒന്നായി മാറുമായിരുന്നു.
2010ൽ ആരംഭിച്ച പദ്ധതി നടപ്പാക്കുന്നത് വിനോദസഞ്ചാരവകുപ്പ്
രണ്ടാംഘട്ട പദ്ധതി ചെലവ് - 3 കോടി രൂപ
തീർത്ഥാടന സർക്യൂട്ടിൽ സ്മാരകം ഉൾപ്പെടാതെ പോയത് വൻ തിരിച്ചടിയായി.
സംസ്ഥാന സർക്കാരിന്റെ നിർമ്മിതികേന്ദ്രമാണ് പദ്ധതിയുടെ നോഡൽ ഏജൻസി
ഒന്നാംഘട്ട വികസനം പൂർത്തിയായെങ്കിലും കാഴ്ചക്കാരെയും വിനോദസഞ്ചാരികളെയും കാവ്യാസ്വാദകരെയും ഒരുപോലെ ആകർഷിക്കണമെങ്കിൽ രണ്ടാംഘട്ട വികസനം പൂർണമാകണം. ഒന്നാം ഘട്ടപദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പത്ത് ശതമാനം പണിപോലും പൂർത്തീകരിച്ചിട്ടില്ല. ഒന്നാംഘട്ടത്തിൽ നാഴികമണി, സ്തൂപവും, ശില്പവും, ഓപ്പൺ എയർ ഓഡിറ്റോറിയവും പൂർത്തീകരിച്ചിരുന്നു.
സാഗരോദ്യാനം വാക്കിലൊതുങ്ങി
കാവ്യഗ്രാമത്തിൽ ഉൾപ്പെട്ട മറ്റൊരു ഒരു പ്രധാനപ്പെട്ട പദ്ധതിയായിരുന്നു സാഗരോദ്യാനം. വിനോദസഞ്ചാരികൾക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാൻ തീരത്ത് ബെഞ്ചുകൾ സ്ഥാപിക്കുകയും, കുട്ടികൾക്കായുള്ള പാർക്കുമാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പണികളും ആരംഭിക്കാനായിട്ടില്ല.
ചുവരുകളും, നടപ്പാതയും, മേൽക്കൂരയുടെ പണികളുമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഉദ്യാന വത്കരണവും നടപ്പാതാ നിർമ്മാണവും ആശാൻ കവിതകൾ കേൾപ്പിക്കാനുള്ള സംവിധാനങ്ങൾ, കടൽ കാഴ്ച ആസ്വദിക്കാനുള്ള കൽഇരിപ്പിടങ്ങളും ഹരിതവത്കരണവും, കോൺക്രീറ്റ് ഇരിപ്പിട സംവിധാനങ്ങളും, ടോയ്‌ലെറ്റ് കോംപ്ലക്സ് എന്നിവയും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നു.
"കൊറോണയും ലോക്ക് ഡൗണും കാരണം കാവ്യ ഗ്രാമം പദ്ധതിയുടെ തുടർ നിർമ്മാണങ്ങൾക്ക് ചെറിയൊരു കാലതാമസം നേരിട്ടിട്ടുണ്ട്. ഇത് പരിഹരിച്ച് പണികൾ വേഗത്തിലാക്കാൻ കരാറുകാരുമായി സംസാരിക്കും. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മുന്നിൽ വെക്കും.
വി. ലൈജു സെക്രട്ടറി."
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രസിഡന്റ്
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
"മഹാകവി കുമാരനാശാന്റെ ജന്മ ഭൂമിയായ കായിക്കരയിലെ ആശാൻ സ്മാരകത്തിൽ ആശാൻ കവിതകളെയും സാഹിത്യത്തെയും കുറിച്ച് പഠിക്കാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തണം. ആശാന്റെ കവിതകളെ സ്നേഹിക്കുന്നവരുടെ തീർത്ഥാടന ഭൂമിയാക്കി ഈ പ്രദേശം മാറ്റണം."
വിജയ് വിമൽ, സ്റ്റുഡന്റസ് കൗൺസിൽ അംഗം കേരള യൂണിവേഴ്സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |