നമ്മുടെ നാട്ടിലെ അടുക്കളയിൽ എരിഞ്ഞു തീരുന്ന ഒരു പാട് സ്ത്രീകളുടെ കഥയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ. ഇപ്പോഴിതാ സിനിമയെപ്പറ്റിയുള്ള തന്റെ അഭിപ്രായം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡോ. ഷിനു ശ്യാമളൻ. കുടുംബത്തോടൊപ്പം ഇരുന്നു കാണേണ്ട ചിത്രമാണിതെന്നും, ചിന്താഗതിയിൽ മാറ്റം വരുത്തേണ്ട നിരവധി കാര്യങ്ങൾ അതിൽ വരച്ചുകാട്ടുന്നുണ്ടെന്നും ഡോക്ടർ കുറിപ്പിൽ പറയുന്നു.
കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് ഡോക്ടർ കുറിപ്പിൽ പറയുന്നു. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാൻ ആണെങ്കിൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരുമെന്നും, വാ തുറന്ന് കാര്യങ്ങൾ പറയേണ്ടിടത്തു പറയണമെന്നും ഷിനു ശ്യാമളൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കുറെയൊക്കെ വീടുകളിൽ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിക്കുന്നതിന് പിന്നിൽ സ്ത്രീകൾക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം തന്നെ ബെഡ് കോഫി ഇട്ട് ഭർത്താവിന് കൊടുത്തു തുടങ്ങുന്ന ശീലങ്ങൾ. മകൻ വളർന്ന് പന പോലെ വലുതായിട്ടും വസ്ത്രവും അടിവസ്ത്രവും സ്വയം കഴുകണമെന്ന് പറയാത്ത അമ്മമാർ.
സെക്‌സിന് ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം. ഫോർപ്‌ളേ ഇല്ലാതെ സെക്‌സ് ചെയ്യുമ്പോൾ അവൾക്ക് വേദനിക്കുന്നത് കൊണ്ട് അവൾ അത് ആവശ്യപ്പെടുന്നു. സ്ത്രീക്ക് പുരുഷനെ പോലെ അതിവേഗം വികാരം വരില്ല. യോനിയിൽ വെറ്റ് ആകാതെ ലിംഗം നേരെ എടുത്തു അങ്ങോട്ട് വെച്ചാൽ അവൾക്കത് അത്ര സുഖമുണ്ടാകില്ല. മതിയായ ലൂബ്രിക്കേഷൻ വന്ന് അവിടെ നനവ് വന്നാൽ മാത്രമേ അവൾക്ക് വേദന കൂടാതെ സെക്‌സ് അസ്വദിക്കാനാകു.
ടേബിൾ മാനേർസ് പുറത്തു ശീലിക്കുകയും വീട്ടിൽ തോന്നിയ പോലെ താൻ ജീവിക്കും എന്ന് വാശിയുള്ള പുരുഷൻ. ഇതുപോലെ എത്രയോ വീടുകളിൽ തോന്നിയ സ്ഥലത്തു വസ്ത്രം ഊരിയിട്ടും, കുടിച്ച ഗ്ലാസ് അവിടെയും ഇവിടെയും വെച്ചും, അതിന്റെയൊക്കെ ബാക്കി സ്ത്രീകൾ ചെയ്‌തോളും എന്നു വിശ്വസിക്കുന്ന പുരുഷന്മാർ. വിശ്വാസം മാത്രമല്ല അതൊക്കെ എടുത്തു മാറ്റാനും ചെല്ലുന്ന സ്ത്രീകൾ. അതിന് പകരം 'ഇത് അവിടെ കൊണ്ട് വെച്ചേ', 'ഇങ്ങനെ ഇനി വലിച്ചു വാരി ഇടരുത്' എന്നു പറയുന്ന സ്ത്രീകൾ നമ്മളിൽ എത്രപേരുണ്ട് ?
കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാൻ ആണെങ്കിൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരും. വാ തുറന്ന് കാര്യങ്ങൾ പറയേണ്ടിടത്തു പറയുക. വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക. ഒരു സ്ത്രീയായത് കൊണ്ട് 'ഇങ്ങനെ' ജീവിക്കണം എന്നു വിശ്വസിക്കരുത്. മാറ്റം നിങ്ങളിൽ നിന്ന് തുടങ്ങട്ടെ. നിങ്ങളുടെ ആണ്മക്കളും പെണ്മക്കളും അത് കണ്ടു പഠിക്കട്ടെ.
മകനെയും മകളെയും ലിംഗഭേദമില്ലാതെ വീടുകളിൽ വളർത്തുവാൻ ഓരോ രക്ഷക്കർത്താക്കളും ശ്രദ്ധിക്കണം.
The great indian kitchen എന്ന സിനിമ കുടുംബത്തോടെ ഇരുന്ന് കാണേണ്ട ഒന്നാണ്. നമ്മുടെ ചിന്താഗതി മാറേണ്ട ഒരുപാട് കാര്യങ്ങൾ അതിൽ വരച്ചു കാട്ടുന്നുണ്ട്. ഇഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |