കൊച്ചി: കൊവിഡ് കാലത്തും കേന്ദ്രത്തിന് ആശ്വാസമായി ഇന്ധന എക്‌സൈസ് നികുതി വരുമാനക്കുതിപ്പ്. മഹാമാരിമൂലം നടപ്പുവർഷം മറ്റ് നികുതി വരുമാനമെല്ലാം ഇടിഞ്ഞെങ്കിലും ഇന്ധനത്തിൽ നിന്നുള്ളതിന്റെ വർദ്ധന 48 ശതമാനമാണ്. ലോക്ക്ഡൗണിൽ എക്‌സൈസ് നികുതി കുത്തനെ കൂട്ടിയതാണ് കേന്ദ്രത്തിന് നേട്ടമായത്.
നടപ്പുവർഷം ഏപ്രിൽ-നവംബറിൽ 1.96 ലക്ഷം കോടി രൂപയാണ് എക്‌സൈസ് നികുതിയിലൂടെ കേന്ദ്ര ഖജനാവിലെത്തിയത്. 2019ലെ സമാനകാലത്ത് വരുമാനം 1.32 ലക്ഷം കോടി രൂപയായിരുന്നു. കൊവിഡ് കാലത്ത് ഇന്ധന ഉപഭോഗം മുൻവർഷത്തേക്കാൾ കുത്തനെ കുറഞ്ഞിട്ടും നികുതിവരുമാനം വൻതോതിൽ കൂടാൻ കേന്ദ്രത്തെ സഹായിച്ചതും ഉയർന്ന നികുതിയാണ്.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കുപ്രകാരം നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഡീസൽ വില്പന 44.9 മില്യൺ ടണ്ണാണ്. 2019ലെ സമാനകാലത്ത് വില്പന 55.4 മില്യൺ ടണ്ണായിരുന്നു. പെട്രോൾ വില്പന 20.4 മില്യൺ ടണ്ണിൽ നിന്ന് 17.4 മില്യൺ ടണ്ണിലേക്കും കുറഞ്ഞു.
ഏപ്രിൽ-നവംബറിൽ കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനം കൺട്രോളർ ജനറൽ ഒഫ് അക്കൗണ്ട്‌സിന്റെ കണക്കുപ്രകാരം 6.88 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തേക്കാൾ 45.5 ശതമാനം കുറവാണിത്. നടപ്പുവർഷം ബഡ്‌ജറ്റിൽ കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ള മൊത്തം നികുതി വരുമാനം 16.35 ലക്ഷം കോടി രൂപയാണ്. കോർപ്പറേറ്റ് നികുതി 35 ശതമാനവും ആദായനികുതി വരുമാനം 12 ശതമാനവും കുറഞ്ഞതാണ് നടപ്പുവർഷം കേന്ദ്രത്തിന് തിരിച്ചടിയായത്.
കേന്ദ്രത്തിന്റെ 'ആശ്വാസ" നികുതി
കൊവിഡ് കാലത്ത് മറ്റു നികുതിവരുമാന മാർഗങ്ങളെല്ലാം അടഞ്ഞപ്പോൾ കേന്ദ്രം ആയുധമാക്കിയത് ഇന്ധന എക്‌സൈസ് നികുതിയാണ്. ലോക്ക്ഡൗണിൽ ഇന്ധന വില്പന ഇടിഞ്ഞെങ്കിലും എണ്ണവിതരണ കമ്പനികളുടെ പർച്ചേസിലൂടെ നികുതി വരുമാനം ഉറപ്പാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞു.
₹13-16
ലോക്ക്ഡൗണിൽ രണ്ടുതവണയായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കേന്ദ്രം എക്‌സൈസ് നികുതി ഉയർത്തി.
₹32.98
ഇപ്പോൾ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 32.98 രൂപയാണ്. ഡീസലിന്റേത് 31.83 രൂപ. 2014ൽ മോദി അധികാരത്തിലേറുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു നികുതി.
69.3%
ഇന്ത്യയിൽ പെട്രോൾ, ഡീസൽ റീട്ടെയിൽ വിലയുടെ 69.3 ശതമാനവും നികുതിയാണ്. ഇക്കാര്യത്തിൽ മുന്നിൽ ഇന്ത്യയാണ്. 64 ശതമാനവുമായി ഇറ്റലിയാണ് രണ്ടാമത്.
₹2.42 ലക്ഷം കോടി
2014-15ൽ എക്‌സൈസ് നികുതിയിലൂടെ കേന്ദ്രവരുമാനം 99,000 കോടി രൂപയായിരുന്നു. 2016-17ൽ ഇത് 2.42 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവർഷം ഡിസംബർ-മാർച്ചിലെ കണക്കുകൂടി വരാനുണ്ടെന്നിരിക്കേ, സമാഹരണം ഇതിലും ഉയർന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |