കോഴിക്കോട്: എൽ ഡി എഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില കക്ഷികൾ കൂടി അപ്രതീക്ഷിതമായി യു ഡി എഫിന്റെ ഭാഗമാകുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. മുന്നണിക്കാകെ ഗുണമുണ്ടാകുമെന്ന് ഉറപ്പുളളവരെ ഒപ്പം കൂട്ടിയാൽമതിയെന്ന് യു ഡി എഫിൽ ധാരണയുണ്ടെന്നും കെ പി എ മജീദ് വ്യക്തമാക്കി.
എൽ ഡി എഫിന് ഒപ്പമുളള ചില കക്ഷികളേയും അതൃപ്‌തരായ ചില ഗ്രൂപ്പുകളേയുമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. വരവുകൊണ്ട് മുന്നണിക്ക് ഗുണം കിട്ടുമെന്ന് ഉറപ്പുളളവരുമായാണ് ചർച്ചകൾ നടക്കുന്നത്. എൻ സി പിക്ക് പുറമെ പി സി ജോർജ്, പി സി തോമസ് എന്നിവരെയെല്ലാം യു ഡി എഫിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചില ഗ്രൂപ്പുകളുമായി ധാരണയുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് ഒപ്പം കൂട്ടുന്നതിന് മുന്നോടിയായി നോക്കിയും കണ്ടുമുളള ചർച്ചകളും ഇടപെടലുമെന്ന് കെ പി എ മജീദ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് അർഹമായ സ്ഥാനം നൽകണെന്ന് ആവശ്യപ്പെട്ട് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. ഇടതു മുന്നണിയെ നഖശിഖാന്തരം എതിർത്ത നേതാവാണ് ചെന്നിത്തല. കെ കരുണാകരന് ശേഷം സഭയിൽ എൽ ഡി എഫിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ റോൾ അത്ഭുതകരമായി നിർവഹിച്ചുവെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |