
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള നടന്ന 2019ൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായിരുന്ന സി.പി.എം നേതാവ് എൻ.വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തതോടെ ഒരു വൻസ്രാവുകൂടി അകത്തായി. 12-ാം പ്രതിയാണ്. റിമാൻഡിൽ കഴിയുന്ന എ.പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു.
പത്മകുമാറിനെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം വിജയകുമാറിനെതിരെയുമുണ്ട്. സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിടാനുള്ള ബോർഡ് തീരുമാനത്തിൽ കൂട്ടുത്തരവാദിത്ത്വമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്.
ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ നൽകാൻ രേഖകളിൽ കൃത്രിമം കാട്ടിയെന്നും ക്ഷേത്രമുതൽ ദുരുപയോഗം ചെയ്ത് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ വിജയകുമാർ ഒളിവിൽപോയിരുന്നു. വീട്ടിലും ബന്ധുവീടുകളിലും
പൊലീസ് തിരക്കി എത്തിയതോടെ ബന്ധുക്കളും സുഹൃത്തുക്കളും കീഴടങ്ങാൻ നിർബന്ധിച്ചു.
ഇന്നലെ ഉച്ചയോടെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു.
ജനറലാശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി.ജനുവരി 12വരെയാണ് ജഡ്ജി എ.മനോജ് റിമാൻഡ് ചെയ്തത്. ജാമ്യഹർജി 31ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
നിലവിൽ സി.പി.എം തിരുവല്ലം ഈസ്റ്റ് ലോക്കൽകമ്മിറ്റിയംഗമാണ്.
സെക്രട്ടേറിയറ്റിൽ നിന്ന് അഡി.സെക്രട്ടറിയായി 2017ൽ വിരമിച്ചശേഷം 2018നവംബറിലാണ് സി.പി.എം നോമിനിമായി ദേവസ്വംബോർഡംഗമായത്. ബോർഡംഗമായിരുന്ന കെ.പി.ശങ്കരദാസിനും ചോദ്യംചെയ്യലിന് നോട്ടീസയച്ചെങ്കിലും പക്ഷാഘാതത്തിന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |