തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകി കരാർ ഒപ്പിട്ടു. എയർപോർട്ട് അതോറിട്ടിയും അദാനിയും തമ്മിലാണ് കരാർ ഒപ്പിട്ടത്. വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിക്കുന്നത്. അമ്പത് വർഷത്തേക്കാണ് തിരുവനന്തപുരം, ജയ്‌പൂർ, ഗുവാഹട്ടി വിമാനത്താവളങ്ങൾ അദാനിക്ക് നടത്തിപ്പിനായി കൈമാറുന്നത്.
വിമാനത്താവളം അദാനിക്ക് നൽകുന്നതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ വിമാനത്താവള കൈമാറ്റം കോടതി സ്റ്റേ ചെയ്യാത്തതിനാലാണ് നടപടിക്രമങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. കരാർ ഒപ്പുവച്ച വിവരം എയർപോർട്ട് അതോറിട്ടിയാണ് ഔദ്യോഗികമായി അറിയിച്ചത്.
AAI today signed 3 Concession Agreements with Adani Airports Ltd. for Operations, Management & Development of Jaipur, Guwahati & Thiruvananthapuram Airports through PPP mode. The agreements were signed in presence of Chairman, AAI & senior officials of AAI & Adani Enterprises Ltd pic.twitter.com/cwybVtJtvY
— Airports Authority of India (@AAI_Official) January 19, 2021
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഒക്ടോബറിൽ തളളിയിരുന്നു. സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുളള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ടെൻഡർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.
ഹൈക്കോടതി അപ്പീൽ തളളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂലഫലമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അവർ സ്വന്തം നിലയ്‌ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു.
തദ്ദേശതിരഞ്ഞെടുപ്പിൽ ഈ വിഷയം തിരുവനന്തപുരത്തെ പ്രാദേശികമേഖലയിൽ വലിയ പ്രചാരണവിഷയമാണ്. സി പി എമ്മും ബി ജെ പിയും പ്രധാനരാഷ്ട്രീയവിഷയമാക്കുമ്പോഴാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുളള സർക്കാരിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |