കണ്ണൂർ: കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കണ്ണൂർ മയ്യിൽ ഗ്രാമപഞ്ചായത്തിൽ നടത്തിയ പ്രകടനത്തിലാണ് സിപിഎം പ്രവർത്തകർ മുസ്‌ലിം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
'കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ... കൈയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടും'- ഇത്തരത്തിലായിരുന്നു പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യില്‍ ചെറുപുഴശേരിയില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം നടന്നിരുന്നു. സംഭവത്തിൽ ഏഴ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തു.
തുടർന്ന് ആറ് സിപിഎമ്മുകാരും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷമാണ് പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സിപിഎം മയ്യില്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചത്. ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |