വിജയവാഡ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ധനസമാഹരണം നടത്തി മുസ്ലീം യുവതി. ക്ഷേത്ര നിർമാണത്തിനായി ധനസഹായം നൽകാൻ മുസ്ലീം സമുദായത്തിൽപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുകയാണ് തഹേര ട്രസ്റ്റ് സംഘാടകയായ സഹാറ ബീഗം. ആളുകൾക്ക് അവർക്കിഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്ന് അവർ വ്യക്തമാക്കി.
വിനായക ചതുർത്ഥി, ദസറ, രാമനവമി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഹിന്ദു സഹോദരങ്ങൾക്ക് ആഘോഷങ്ങൾ നടത്തുന്നതിനായി മുസ്ലീങ്ങൾ ഉൾപ്പടെ എല്ലാ സമുദായ അംഗങ്ങളും പിന്തുണ നൽകാറുണ്ടെന്നും സഹാറ ബീഗം പറഞ്ഞു. അതോടൊപ്പം ഹിന്ദുക്കൾ മുസ്ലീങ്ങളുടെ ക്ഷേമത്തിനായി തുക സംഭാവന ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുസ്ലീം സഹോദരങ്ങൾക്ക് വേണ്ടി മറ്റ് മതസ്ഥർ ഭൂമികൾ സംഭാവന ചെയ്തിട്ടുണ്ടെന്നും സഹാറ പറഞ്ഞു. മസ്ജിദുകളുൾപ്പടെയുള്ളവയുടെ നിർമ്മാണത്തിലും ഹിന്ദുക്കൾ സഹായിച്ചിട്ടുണ്ടെന്ന് അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'രാമൻ ജനിച്ച രാജ്യത്ത് ജീവിക്കാൻ സാധിച്ച ഞങ്ങൾ ഭാഗ്യവാന്മാരാണ്. നമ്മുടെ കാലഘട്ടത്തിൽ ക്ഷേത്രം പണിയാൻ പോകുന്നത് മഹാ ഭാഗ്യമാണ്. ശ്രീരാമൻ ധർമ്മത്തെ ജീവിതരീതിയായി പഠിപ്പിക്കുകയും ലോകത്തിന് മുഴുവൻ മാതൃകയാകുകയും ചെയ്യുന്നു. നമുക്ക് ഒരുമിച്ച് ഈ ദിവ്യപ്രവർത്തനത്തിൽ പങ്കാളികളാകുകയും, തുറന്ന മനസോടെ അയോദ്ധ്യയിൽ ഒരു വലിയ രാമക്ഷേത്രം നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യാം'-സഹാറ ബീഗം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |